vk-ibrahimkunj

കൊച്ചി: കളമശേരിയിൽ വീണ്ടും മത്സരിക്കാൻ വി.കെ. ഇബ്രാഹിംകുഞ്ഞിന് മുസ്ലിം ലീഗ് നേതൃത്വം പച്ചക്കൊടി വീശുമോ?

പാലാരിവട്ടം അഴിമതിക്കേസുകളിൽ പ്രതിയായി ജാമ്യത്തിലിറങ്ങിയ ഇബ്രാഹിംകുഞ്ഞ് മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകഴിഞ്ഞു. പുതിയ മണ്ഡലം രൂപീകരിച്ചശേഷം രണ്ട് തവണയും ഇബ്രാഹിംകുഞ്ഞാണ് കളമശേരിയിൽ നിന്ന് നിയമസഭയിലെത്തിയത്.

അഴിമതിക്കേസിൽ ആരോഗ്യപരമായ കാരണങ്ങളാലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെങ്കിലും, അതൊന്നും മത്സരിക്കുന്നതിന് തടസമായി അദ്ദേഹം കാണുന്നില്ല. അനാരോഗ്യവും കേസും വലയ്ക്കുന്ന ഇബ്രാഹിംകുഞ്ഞിനെ പാർട്ടി കൈവിടുമോയെന്നാണ് അറിയേണ്ടത്.

വെടിപൊട്ടിച്ച്

യൂത്ത് കോൺഗ്രസ്

കളമശേരിക്കായി മുസ്ലിം ലീഗിൽ തന്നെ ഭൈമീകാമുകന്മാർ ഏറെയുള്ളപ്പോഴാണ്, ഇബ്രാഹിംകുഞ്ഞിനും ലീഗിനുമെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ രംഗത്തെത്തിയത്. ഇബ്രാഹിംകുഞ്ഞോ, മകനോ മത്സരിച്ചാൽ പരാജയപ്പെടുമെന്നും കളമശേരി കോൺഗ്രസ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഷാജഹാൻ കത്തെഴുതി.

സാദ്ധ്യതകൾ

ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയും ഇബ്രാഹിംകുഞ്ഞിന്റെ മകനുമായ വി.ഇ. അബ്ദുൽ ഗഫൂർ, കൊച്ചി നഗരസഭ മുൻ കൗൺസിലർ പി.എം. ഹാരിസ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കബീർ തുടങ്ങിയ നേതാക്കൾക്ക് പുറമെ, ജില്ലയ്ക്ക് പുറത്തുള്ള യൂത്ത് ലീഗ് സംസ്ഥാന നേതാക്കളിലാരെയെങ്കിലും പരിഗണിക്കാനും സാദ്ധ്യതയുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ താത്പര്യം പ്രകടിപ്പിച്ച റിട്ട. ജസ്റ്റിസ് കെമാൽപാഷയെ പരിഗണിക്കണമെന്ന പക്ഷവുമുണ്ട്.

എൽ.ഡി.എഫിലും

പാളയത്തിൽ പട

കളമശേരി പിടിച്ചെടുക്കാൻ യുവനേതാവായ എ.എ. റഹീമിനെ രംഗത്തിറക്കാനാണ് സി.പി.എം നീക്കം. മണ്ഡലത്തിലെ നേതാക്കളെ ആരെയും മത്സരിപ്പിക്കാൻ ജില്ലാ കമ്മിറ്റിക്ക് താത്പര്യമില്ല. ഗ്രൂപ്പ് പോരിലും അച്ചടക്കനടപടികളിലും വലയുകയാണ് കളമശേരി ഏരിയാ കമ്മിറ്റി.