village

ആലുവ: നിത്യേന നൂറുകണക്കിന് ആളുകളെത്തുന്ന ആലുവ വില്ലേജ് ഓഫീസ് കെട്ടിടം ജീർണ്ണാവസ്ഥയിൽ. കെട്ടിടത്തിന്റെ ചുറ്റുമതിൽ പ്രളയകാലത്ത് തകർന്നു പോയ ശേഷം ഇതുവരെയും പുനർ നിർമ്മിച്ചിട്ടില്ല. പെയിന്റ് ചെയ്തിട്ടും നാളേറെയായി. ബൈപ്പാസിനും ബാങ്ക് ജംഗ്ഷനുമിടയിൽ ബ്രിഡ്ജ് റോഡിലാണ് വില്ലേജ് പ്രവർത്തിക്കുന്നത്. കുറഞ്ഞ ചെലവിൽ നിർമ്മിച്ച കെട്ടിടമായതിനാൽ കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞു വീഴാവുന്ന നിലയിലാണ്. കുറച്ചുനാൾ മുമ്പ് നിലവിലുള്ള കെട്ടിടത്തോടൊപ്പം പുതിയതായി മൂന്ന് മുറികൾ നിർമ്മിച്ചെങ്കിലും കെട്ടിടത്തിന്റെ പൊതുസ്ഥിതി അതിദയനീയമാണ്. ചതുപ്പുനിലം ആയതിനാൽ കെട്ടിടത്തിന് ഈർപ്പം നിർമ്മാണ ഘട്ടത്തിൽ തന്നെ ഉണ്ടായിരുന്നു. വില്ലേജ് കെട്ടിടം കൂടുതൽ സൗകര്യത്തോടെ നിർമ്മിക്കാൻ തൊട്ടുചേർന്ന് പുറമ്പോക്ക് ഭൂമിയുണ്ട്. ഈ സ്ഥലം കയ്യേറ്റ ഭീഷണിയിലാണ്. എന്നിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. കെട്ടിടം പൊളിച്ചു കളഞ്ഞ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.