
ഏലൂർ: പ്രതിസന്ധികൾ ഇടമുറിയാതെ വന്നിട്ടും തളരാതെ, തകരാതെ വിധിയോട് പൊരുതി ജയിക്കുന്ന റാണിയെ കണ്ടു പഠിക്കാം... മഞ്ഞുമ്മൽ തേക്കാനത്ത് റാണിയുടെ ജീവിതത്തിൽ ഒട്ടേറെ അർദ്ധവിരാമങ്ങളുണ്ട്. നെഞ്ചത്തടിച്ച് വിലപിക്കാതെ, കരഞ്ഞുകാലം കഴിക്കാതെ എല്ലാം പരീക്ഷണങ്ങളും സധൈര്യം നേരിട്ടു.
പതിനെട്ടോളം ജീവനക്കാരുമായി കൃത്രിമ പൂക്കൾ കൊണ്ട് മണവാട്ടി ബൊക്കെ നിർമ്മിച്ചും അലങ്കാരപ്പണികൾ ചെയ്തും നൽകുന്ന ജോലിയായിരുന്നു റാണിക്ക്. നല്ല രീതിയിൽ ജീവിതം മുന്നോട്ടു പോകുന്ന കാലത്താണ് അർബുദം പിടികൂടുന്നത്.
ഡോ. വി.പി.ഗംഗാധരന്റെ ചികിത്സ തേടി. രോഗം ശമിച്ചു തുടങ്ങിയപ്പോൾ പലരുടെയും ഉപദേശങ്ങൾ കേട്ട് ഒറ്റമൂലി ചികിത്സയ്ക്ക് പോയി. ഒടുവിൽ ഗർഭപാത്രം നീക്കം ചെയ്യേണ്ടിവന്നു. വീണ്ടും ഗംഗാധരൻ ഡോക്ടറുടെ പക്കൽ അഭയം തേടി. രോഗം പൂർണ്ണമായും ഭേദമായപ്പോൾ 9 സെന്റ് സ്ഥലവും വീടും ബിസിനസും നഷ്ടമായി. പ്രഷറും മറ്റ് അസുഖങ്ങളും പുറകെയെത്തി. ഭർത്താവ് ഹൃദ്രോഗബാധിതനായി. ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ആറ് വർഷം മുമ്പ് സ്റ്റൂളിൽ കയറി നിന്ന് ഫാൻ തുടയ്ക്കുന്നതിനിടെ വീണ് കട്ടിലിൽ തട്ടി രണ്ട് കാൽമുട്ടുകളും തകർന്നു. ശസ്ത്രക്രിയകളും വിശ്രമവും കുറേനാൾ. നട്ടെല്ലിനും അസുഖബാധിതയാണ്. അധികം കുനിയാനാവില്ല.
ഒരു മാർഗവും കാണാതായപ്പോൾ മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ ഫാക്ട് ട്രെയിനിംഗ് സെന്ററിനടുത്ത് തട്ടുകട തുടങ്ങി. രാവിലെ എട്ടുമുതൽ വൈകിട്ട് ആറു വരെ തുറക്കും. കഞ്ഞിയാണ് പ്രധാന കച്ചവടം. ചായയും കടിയും ശീതളപാനീയങ്ങളും ലഭിക്കും. വിഭവങ്ങൾ വീട്ടിൽ നിന്നുണ്ടാക്കി കൊണ്ടുവരും.
കച്ചവടം പച്ച പിടിച്ചപ്പോൾ രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ മൂന്ന് മാസം മുമ്പ് കട തകർത്തു. വിവരമറിഞ്ഞെത്തിയവർ സഹായിച്ചു വീണ്ടും കച്ചവടം തുടങ്ങി. ഇതിനിടെ മകളെ വിവാഹം കഴിച്ചയച്ചു. മകൻ ഏലൂരിലെ കമ്പനിയിൽ കരാർ ജോലിക്ക് കയറിയിട്ടുണ്ട്. ദിവസവും ജോലിയില്ലെങ്കിലും അതാണ് ഒരാശ്വസം.
കടബാധ്യതയുടെ നടുക്കയത്തിലാണെങ്കിലും രോഗങ്ങളും ദുരിതങ്ങളും റാണിയെ തളർത്തിയിട്ടേയില്ല. പ്രതിബന്ധങ്ങളെ തലയുയർത്തിപ്പിടിച്ച് ആത്മവിശ്വാസത്തോടെ നേരിട്ടു. താമസം വാടക വീട്ടിൽ രോഗിയായ ഭർത്താവ് ടോമിക്കും മകൻ റൊണാൾഡിനുമൊപ്പമാണ്. ജീവിതം വീണ്ടും തളിരിടും, പൂക്കും, കായ്ക്കുമെന്ന പ്രതീക്ഷയാണ് 47കാരിയായ റാണിയുടെ കരുത്ത്...