കൊച്ചി: തദ്ദേശസ്വയം ഭരണവകുപ്പ് അമിതമായി വർദ്ധിപ്പിച്ച ട്രേഡ് ലൈസൻസ് ഫീസും കെട്ടിടനികുതിയും പിൻവലിക്കണമെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു. 2018 ലെ പ്രളയവും തുടർന്നുണ്ടായ കൊവിഡ് വ്യാപനവുംമൂലം വ്യാപാരമേഖല സാമ്പത്തികമായി തകർന്ന സാഹചര്യത്തിൽ ട്രേഡ് ലൈസൻസ് ഫീയിൽ ഏർപ്പെടുത്തിയ വൻവർദ്ധന വ്യാപാരികൾക്ക് താങ്ങാനാകില്ല. 2016 - 2017 മുതൽ വരുത്തിയ കെട്ടിടനികുതിയിന്മേലുള്ള വർദ്ധനവും മുൻകാല പ്രാബല്യത്തോടെ അടയ്ക്കണമെന്ന നിർദ്ദേശവും അപ്രായോഗികവും പ്രതിഷേധാർഹവുമാണ്. മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതായി ചേംബർ പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം. വിപിനും അറിയിച്ചു.