
• ദിവസവും പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ കുളത്തിലെ മീനുകൾക്ക് ഭക്ഷണം നൽകുന്ന യുവാവിനെക്കുറിച്ച്
പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ കുളത്തിലെ മീനുകളുടെ തോഴനാണ് സന്തോഷ്. ദിവസവും വൈകിട്ട് അഞ്ചരയാകുമ്പോൾ കുളക്കരയിൽ സന്തോഷുണ്ടാകും. വെള്ളത്തിൽ സന്തോഷിനെക്കാത്ത് മീനുകളും. കൈയിലെ കവർ നിറയെ മീനുകൾക്കുള്ള ഭക്ഷണവുമായാണ് ആളുടെ വരവ്. പഴം, അവിൽ, മലര്, അരി തുടങ്ങിയവയൊക്കെ മാറി മാറി കവറിലുണ്ടാകും.
പെരുമ്പാവൂരിന് സമീപം ഐമുറി സ്വദേശിയായ കൊടുവേലിപ്പടി വീട്ടിൽ സന്തോഷ് നഗരത്തിലും പരിസരത്തും അല്ലറ ചില്ലറ ജോലികൾ ചെയ്താണ് ജീവിക്കുന്നത്. നോട്ടീസ് വിതരണമാണ് ഇതിൽ പ്രധാനം. എല്ലാ ദിവസവും ജോലിയും കിട്ടാറില്ല. എങ്കിലും മത്സ്യങ്ങളെ ഉൗട്ടുന്ന പതിവ് കഴിവതും മുടക്കാറില്ല. ലോക്ക്‌ഡൗൺ കാലത്ത് കുറച്ചുനാൾ മീനൂട്ട് നടന്നില്ല. വരുമാനം തുച്ഛമാണെങ്കിലും മത്സ്യങ്ങളുടെ വയറുനിറയുന്നതിലാണ് 36കാരനായ സന്തോഷിന്റെ സന്തോഷം.
രണ്ട് വർഷം മുമ്പ് ക്ഷേത്രക്കുളം കല്ലുകെട്ടി മനോഹരമാക്കിയ ശേഷം തുടങ്ങിയ പതിവാണ്. ഒരിക്കൽ എത്തിയപ്പോൾ മത്സ്യങ്ങൾ കൂട്ടംകൂടി സമീപിച്ചപ്പോൾ തുടങ്ങിയ കൗതുകം ഒരു പതിവ് പരിപാടിയായി.
നോട്ടീസ് വിതരണം ചെയ്ത് കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗവും ഇപ്പോൾ മീനുകൾക്കുള്ളതാണ്. ഒരു നോട്ടീസ് വിതരണം ചെയ്യുന്നതിന് 50 പൈസയാണ് ഈടാക്കുക. ഏത് സ്ഥാപനത്തിന്റേതായാലും നോട്ടീസുകൾ കൃത്യമായും സത്യസന്ധമായും പെരുമ്പാവൂരിലും പരിസരത്തും നടന്ന് വിതരണം ചെയ്യും. അതുകൊണ്ട് പരസ്യക്കാരും പരസ്യം ചെയ്യുന്നവരും സന്തോഷിനെ തേടിയെത്തുകയാണ് പതിവ്. അവിവാഹിതനായ സന്തോഷ് അച്ഛനമ്മമാർക്കും അനുജന്റെ കുടുംബത്തിനുമൊപ്പമാണ് താമസം.