thod
കോച്ചേരിത്താഴം തോട്ടിൽ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

കിഴക്കമ്പലം: ഒടുവിൽ കോച്ചേരിത്താഴം തോടിനും ശാപ മോക്ഷമാകുന്നു. മൂന്നര പതിറ്റാണ്ടായി നീരൊഴുക്ക് നിലച്ചതോടെ ചെളിയും, പായലും നിറഞ്ഞ് ഉപയോഗ യോഗ്യമല്ലാതായ തോട് മാലിന്യ വാഹനിയായി കഴിഞ്ഞിരുന്നു. സമീപ പ്രദേശങ്ങളിൽ നിന്നുമുള്ളവരുടെ കുപ്പത്തൊട്ടിയായി മാറിയ തോടിനാണ് ട്വന്റി20യുടെ നേതൃത്വത്തിൽ പുനർ നിർമ്മാണം നടത്തുന്നത്. അങ്ങനെ കിഴക്കമ്പലത്തിനു പുറമെ കുന്നത്തുനാട്ടിലെ വികസന പ്രവർത്തനങ്ങൾക്കും ട്വന്റി20 യുടെ നേതൃത്വത്തിൽ തുടക്കമായി.വർഷങ്ങളായി പുല്ലും ചെളിയും കെട്ടിക്കിടന്നതിനാൽ ഇങ്ങനെയൊരു തോട് ഇവിടുള്ളതായി പോലും അറിയില്ലായിരുന്നു. ഒരു കാലത്ത് സമൃദ്ധമായി കൃഷി ചെയ്തിരുന്ന ഈ പാടശേഖരത്ത് ഇന്ന് തരിശുഭൂമിയായി കിടക്കുകയാണ്. ഇക്കാരണത്താൽ കൃഷിയോഗ്യമല്ലാതിരുന്ന അവസ്ഥയിൽ മാറി മാറി വന്ന പഞ്ചായത്തുഭരണ സമിതികൾ ഇവിടേയ്ക്ക് തിരിഞ്ഞുനോക്കാത്ത സാഹചര്യമായിരുന്നുവെന്ന് നാട്ടുകാർ കു​റ്റപ്പെടുത്തി. ഇതിനിടയിലാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ട്വന്റി20 യുടെ പഞ്ചായത്ത് ഭരണസമിതി ഇക്കാര്യം അടിയന്തര പ്രാധാന്യത്തോടെ ഏ​റ്റെടുത്തത്. നീരൊഴുക്ക് സുഗമമാകുന്നതിലൂടെ ഈ പാടശേഖരത്തിൽ വീണ്ടും കൃഷിയിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

ചെളി നീക്കി തുടങ്ങി

കുന്നത്തുനാട് പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് കോച്ചേരിത്താഴം തോട്. കടമ്പ്രയാറിന്റെ കൈവഴിയായ തോടിന്റെ 4 കിലോമീ​റ്ററോളം ദൂരം ചെളി നീക്കി ആഴം കൂട്ടിയും വീതി വർദ്ധിപ്പിച്ചുമാണ് തോടിനെ പുനരുജ്ജീവിപ്പിക്കുന്നത്. ഇതിനായി വെള്ളത്തിൽ നിന്നും ചെളി കോരി മാറ്റുന്ന പ്രത്യേകം ഡ്രഡ്ജറും ഇവിടെ എത്തിച്ചിട്ടുണ്ട്. തുടർന്ന് തോടിന്റെ ഇരുവശങ്ങളും കെട്ടി സംരക്ഷിക്കും.

ഇതിലൂടെ കൃഷിയാവശ്യത്തിനും ടൂറിസത്തിനും ഉപയോഗപ്പെടുത്താനാകുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് ഔസേഫ് പറഞ്ഞു.