lib

കൊച്ചി: എറണാകുളത്തെ പബ്ളിക് ലൈബ്രറിയുമായുള്ള വായനക്കാരുടെ ദൃഡബന്ധത്തിന് മുന്നിൽ കൊവിഡ് മഹാമാരിയും സുല്ലിട്ടു. നാട് മുഴുവനും കൊവിഡിൽ വിറച്ചുനിൽക്കുമ്പോഴും വായനക്കാരുടെ എണ്ണത്തിൽ കുതിച്ചുയരുകയാണ് എറണാകുളം പബ്ളിക് ലൈബ്രറി. ലോക്ക് ഡൗണിനു ശേഷം 500 പേർ പുതിയ അംഗത്വമെടുത്തു. അംഗങ്ങളുടെ എണ്ണം 11,070 ലെത്തി. പുതിയതായി 70 അംഗങ്ങളെ വരെ ലഭിച്ച ദിവസങ്ങളുണ്ട്. സർക്കാർ നിർദേശപ്രകാരം ലോക്ക് ഡൗൺ കാലത്ത് 40 ദിവസം അടച്ചിട്ടതൊഴിച്ചാൽ ബാക്കി എല്ലാ ദിവസങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലൈബ്രറി പതിവുപോലെ പ്രവർത്തിച്ചു. മാസ്‌കും ഗ്ളൗസുമിട്ട് വായനക്കാരും തിരിച്ചെത്തി. ജനുവരിയിൽ റഫറൻസ് വിഭാഗം പ്രവർത്തനം ആരംഭിച്ചതോടെ ഗവേഷണ വിദ്യാർത്ഥികളുടെയും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരും തിരിച്ചെത്തി. ലോകമെമ്പാടുമുള്ള വായനക്കാരുടെ ഇഷ്‌ടം പിടിച്ചുപറ്റിയ മുഴുവൻ കൃതികളും പബ്ളിക് ലൈബ്രറിയിലുണ്ട്. ഏറ്റവും പുതിയ മലയാളം, ഇംഗ്ളീഷ് കൃതികൾ ഇവിടെ കാണാം. ഇനി അഥവാ ഗ്രന്ഥശേഖരത്തിൽ ഇല്ലാത്ത കൃതിയാണെങ്കിൽ ആഴ്ചകൾക്കുള്ളിൽ ആവശ്യപ്പെട്ട പുസ്തകം ലൈബ്രറി അധികൃതർ വായനക്കാർക്ക് എത്തിച്ചു നൽകും. രണ്ടു ലക്ഷം പുസ്തകങ്ങളാണ് ലൈബ്രറി ഗ്രന്ഥശേഖരത്തിലുള്ളത്. ലോക്ക് ഡൗൺ കാലയളവിന് ശേഷം 800 പുസ്തകങ്ങൾ പുതിയതായി എത്തി.

ജി.സി.ഡി.എ കൗണ്ടർ തുറന്നു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിറുത്തിവച്ചിരുന്ന ജി.സി.ഡി.എയിലെ ലൈബ്രറി എക്സ്റ്റൻഷൻ കൗണ്ടർ വീണ്ടും പ്രവർത്തനം പുനരാരംഭിച്ചു. ഒന്നിടവിട്ട വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 12 മുതൽ 2 വരെയുള്ള സമയത്താണ് ഇതിന്റെ പ്രവർത്തനം. അധികം വൈകാതെ ഹൈക്കോടതി, ഇൻഫോപാർക്ക് എന്നിവിടങ്ങളിലെ എക്സ്റ്റൻഷൻ കൗണ്ടറുകളും തുറക്കുമെന്ന് ലൈബ്രേറിയൻ പ്രിയ കെ. പീറ്റർ പറഞ്ഞു.

പ്രവർത്തനസമയം

റീഡിംഗ് റൂം: രാവിലെ 8 മുതൽ രാത്രി 8 വരെ

ലെൻഡിംഗ് ലൈബ്രറി: 10- 7 വരെ

ഞായറാഴ്ച : രാവിലെ 9.30 - 5 വരെ