തോപ്പുംപടി: കൊച്ചി ഫിഷറീസ് ഹാർബർ സുന്ദരിയാകാനൊരുങ്ങുന്നു. 140 കോടി രൂപ ചെലവിൽ നവീകരിക്കുന്ന ഹാർബറിന്റെ നിർമ്മാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ഹൈബി ഈഡൻ എം.പി. പറഞ്ഞു. വികസം യാഥാർത്ഥ്യമാകുന്നതോടെ ഹാർബർ വാണിജ്യ ഹബ്ബായി മാറും.കൊച്ചിയുടെ മത്സ്യബന്ധനരംഗത്തെ വലിയ മുന്നേറ്റമായിരിക്കും പദ്ധതി.

 നിർമ്മാണം അത്യാധുനിക സൗകര്യങ്ങളോടെ

ഹാർബറിൽ റിലവിൽ 1000 തൊഴിലാളികളും 97 ബോട്ട് ഓണേഴ്സും 70 ലേലക്കാരും 150 നോൺ രജിസ്ട്രേഡ് തൊഴിലാളികളുമാണുള്ളത്. ആകെ 727 ബോട്ടുകളിൽ പി.എൻ.ബോട്ട് 85 ഉം ഗിൽനെെറ്റ് ബോട്ടുകൾ 442 ഉം ട്രോൾ നെറ്റ് ബോട്ടുകൾ 200 ആണുള്ളത്. 27 ഏക്കർ ഭൂവിസ്തൃതിയും 6.97 ഏക്കർ വാർഫ് ഏരിയയുമാണ് ഹാർബറിനുള്ളത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് നിർമ്മാണം.ഇൻഫ്രാസ്ട്രക്ച്ചർ താപനില നിയന്ത്രിത ലേലകേന്ദ്രങ്ങൾ, പാർക്കിംഗ് യൂണിറ്റുകൾ, മത്സ്യബന്ധന കപ്പലിൽനിന്ന് മത്സ്യം യാന്ത്രികമായി വീണ്ടെടുക്കുകയും കൈമാറ്റം ചെയ്യാനുള്ള സൗകര്യങ്ങൾ, സംഭരണത്തിനുള്ള ശീതീകരിച്ച മുറികൾ, ഐസ് പ്ളാന്റുകൾ, ശുദ്ധജല വിതരണം, ഇന്ധന കേന്ദ്രങ്ങൾ, നെറ്റ് മെയിന്റനിംഗ് യാർഡുകൾ, ബോട്ടുകൾക്കുള്ള സൗകര്യങ്ങൾ, വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ, കാന്റീൻ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 95 കോടി അടിസ്ഥാന സൗകര്യ വികസനത്തിന്

140 കോടിയിൽ 95 കോടി അടിസ്ഥാനസൗകര്യ വികസനത്തിനാണ് ഉപയോഗിക്കുന്നത്.10 കോടി രൂപ അത്യാധുനിക മെഷീനുകൾ സ്ഥാപിക്കാൻ വിനിയോഗിക്കും. പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ ബോട്ടുകൾ ഹാർബറിൽ എത്തിച്ചേരും. തൊഴിലാളികൾക്ക് ജോലിഭാരം കുറയും. മത്സ്യങ്ങൾ കേടുപാടുകൂടാതെ സംഭരിക്കാനും കൃത്യമായ രീതിയിൽ ലേലംചെയ്യാനും സാധിക്കും. ആയിരക്കണക്കിന് മത്സ്യതൊഴിലാളികൾക്ക് ആശ്വാസകരമാകുന്ന പദ്ധതിയാണിത്.

 കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതി

പോർട്ട്, ഫിഷറീസ്, മന്ത്രിമാരുമായി ഇത് സംബന്ധിച്ച് നിരന്തരമായ ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബഡ്ജറ്റിൽ കൊച്ചി ഹാർബർ ഉൾപ്പെടുത്താൻ സാഹചര്യം ഉടലെടുത്തത്. കൊച്ചിയുടെ തന്നെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണിത്. എം.പി.ഇ.ഡി.എ മുൻകൈയെടുത്ത് നടപ്പിലാക്കിയ പദ്ധതിയുടെ ആദ്യഘട്ടത്തിൽ തന്നെ കൊച്ചി ഹാർബർ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി ആസ്ഥാനമായ ഏൺസ്റ്റ് ആൻഡ് യംഗ് എൽ.എൽ.പി ഏജൻസി 140 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുകയായിരുന്നു.