
കൊച്ചി: ആഴക്കടൽ മത്സ്യബന്ധന മേഖലയിൽ 2,950 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള അമേരിക്കൻ കമ്പനിയുടെ തീരുമാനത്തിൽ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ. സമുദ്ര മത്സ്യബന്ധന മേഖലയുടെ സമ്പൂർണ തകർച്ചയ്ക്ക് പദ്ധതി വഴിതെളിക്കുമെന്നാണ് വിമർശനം. ഫിഷറീസ് വകുപ്പിനെ അറിയിക്കാതെയാണ് കേരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ കരാർ ഒപ്പിട്ടതെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ആരോപിച്ചു.
മത്സ്യബന്ധനത്തിന് നാനൂറോളം ട്രോളറുകൾ നിർമ്മിക്കാനാണ് അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയുമായി ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ കരാർ ഒപ്പിട്ടത്. മത്സ്യബന്ധനം, വിപണനം, കയറ്റുമതി, തുറമുഖങ്ങളുടെ നവീകരണം തുടങ്ങിയവയിലാണ് കമ്പനി മുതൽമുടക്കുക.
ഉപജീവനം നഷ്ടമാകും
ആഴക്കടൽ മത്സ്യബന്ധനത്തിന് ട്രോളറുകൾ വരുന്നതോടെ പത്തുലക്ഷത്തോളമുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം നഷ്ടമാകുമെന്ന് ഐക്യവേദി ആരോപിച്ചു. നാനൂറ് ട്രോളറുകൾ ഇറക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇത്രയും ട്രോളറുകൾ തീരക്കടലിലോ പുറംകടലിലോയാകും പ്രവർത്തിക്കുക. ഇത്രയും ട്രോളറുകൾ തീരത്ത് ആവശ്യമില്ല.
ഇന്ത്യൻ ആഴക്കടലിൽ 2.3 ലക്ഷം ടൺ ചൂരയും 6.2 ലക്ഷം ടൺ കണവയും പിടിക്കപ്പെടാനുണ്ടെന്നാണ് 2019 ൽ കേന്ദ്ര സർക്കാർ വിലയിരുത്തിയത്. ഇതുപിടിക്കാൻ 270 യാനങ്ങൾ മതിയാകുമെന്നാണ് ഗവേഷണ സ്ഥാപനങ്ങൾ വിലയിരുത്തുന്നത്. കേരളത്തിൽ 37 ട്യൂണ ലോംഗ്‌ലൈനറുകളും 11 കണവ ജിഗ്ഗറുകളും ഉൾപ്പെടെ 48 യാനങ്ങൾ മതിയാകും.
ഫിഷറീസ് വകുപ്പ് അറിഞ്ഞില്ലെന്ന്
സംസ്ഥാന ഫിഷറീസ് വകുപ്പുമായി ചർച്ച ചെയ്യാതെയാണ് നിക്ഷേപം സ്വീകരിക്കാൻ കരാർ ഒപ്പിട്ടത്. കേരളത്തിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾക്കായി 10 ആഴക്കടൽ ബോട്ടുകൾ നിർമ്മിക്കാൻ കൊച്ചി കപ്പൽശാലയുമായി ഫിഷറീസ് വകുപ്പ് കഴിഞ്ഞയാഴ്ച ധാരണയിലെത്തിയിരുന്നു. സംസ്ഥാന ബഡ്‌ജറ്റിലും തുക നീക്കിവച്ചു. അത് അപ്രസക്തമാക്കുന്നതാണ് അമേരിക്കൻ കമ്പനിയുമായുള്ള കരാർ. ഇതിനെതിരെ ഇടതു സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഐക്യവേദി ആവശ്യപ്പെട്ടു.
അടിയറ വയ്ക്കരുത്
കാർഷികമേഖലയെ കുത്തകകൾക്ക് അടിയറവ് വയ്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായ കാലത്ത് മത്സ്യമേഖലയെയും കുത്തകൾക്ക് അടിയറവ് വയ്ക്കുന്നത് ഉചിതമല്ല. ഇതിനെതിരെ യോജിച്ച പ്രക്ഷോഭം നടത്താൻ മത്സ്യത്തൊഴിലാളികൾ രംഗത്തുവരണം.
ചാൾസ് ജോർജ്,
പ്രസിഡന്റ്,
മത്സ്യത്തൊഴിലാളി ഐക്യവേദി