
കൊച്ചി : നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ മുൻ എസ്.ഐ കെ.എ. സാബു ഉൾപ്പെടെ ഒമ്പതു പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ അന്വേഷണ സംഘം എറണാകുളം സി.ജെ.എം കോടതിയിൽ കുറ്റപത്രം നൽകി. സാബുവാണ് ഒന്നാം പ്രതി.
ഇടുക്കി മുൻ എസ്.പി വേണുഗോപാൽ, ഡിവൈ.എസ്.പിയായിരുന്ന പി.കെ. ഷംസ് എന്നിവർക്കെതിരെയും ജയിൽ അധികൃതർ,ഡോക്ടർമാർ തുടങ്ങിയവർക്കെതിരെയും അന്വേഷണം നടക്കുകയാണെന്നും തെളിവു ലഭിക്കുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം നൽകുമെന്നും സി.ബി.ഐ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ഒഴിവാക്കിയ വനിതാ പൊലീസ് കോൺസ്റ്റബിൾ ഗീതു ഗോപിനാഥിനെയും ബിജു ലൂക്കോസിനെയും പ്രതിയാക്കി. തെളിവുനശിപ്പിക്കൽ, അന്യായ തടവ്, കുറ്റസമ്മതത്തിന് ഭീഷണിപ്പെടുത്തൽ, മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
നെടുങ്കണ്ടം തൂക്കുപാലത്തെ ഹരിത ഫിനാൻസ് തട്ടിപ്പു കേസിൽ 2019 ജൂൺ 12ന് കസ്റ്റഡിയിലെടുത്ത സ്ഥാപനയുടമ വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട കേസിൽ ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. രാജ്കുമാറിനെ മൂന്നു ദിവസം കസ്റ്റഡിയിൽ പീഡിപ്പിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. ജയിലിൽ നിന്ന് ആശുപത്രിയിലെത്തിച്ചെയെങ്കിലും ജൂൺ 21ന് മരിച്ചു.
ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരി ശാലിനിയെയും പൊലീസ് മർദ്ദിച്ചിരുന്നു. പ്രതികൾക്ക് രക്ഷപ്പെടാൻ രേഖകൾ തിരുത്തി. ജുഡിഷ്യൽ കമ്മിഷനും കസ്റ്റഡി മർദ്ദനം ശരിവച്ചിരുന്നു. മരണം ന്യുമോണിയ ബാധിച്ചെന്നായിരുന്നു ആദ്യ മെഡിക്കൽ റിപ്പോർട്ടുകളെങ്കിലും റീ പോസ്റ്റ് മോർട്ടത്തിൽ കസ്റ്റഡി മർദ്ദനമാണെന്ന് കണ്ടെത്തി.
പ്രതികൾ
മുൻ എസ്.ഐ. കെ.എ. സാബു, എ.എസ്.ഐ സി.ബി. റെജിമോൻ, സിവിൽ പൊലീസ് ഒാഫീസർ നിയാസ്, ഹെഡ്കോൺസ്റ്റബിൾ സജീവ് ആന്റണി, ഹോം ഗാർഡ് ജെയിംസ്, സിവിൽ പൊലീസ് ഒാഫീസർ ജിതിൻ, എ. എസ.ഐ റോയ്. പി. വർഗ്ഗീസ്, ഹെഡ്കോൺസ്റ്റബിൾ ബിജു ലൂക്കോസ്, വനിതാ സിവിൽ പൊലീസ് ഒാഫീസർ ഗീതു ഗോപിനാഥ്
152 സാക്ഷികൾ
145 രേഖകൾ
32 തൊണ്ടി മുതലുകൾ