water
കളമശേരി പത്തടിപ്പാലം തോടിന് സമീപം കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു

കളമശേരി: നഗരസഭയിലെ 34,35,36 വാർഡുകളിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിനായി നടപടി തുടങ്ങി. പത്തടിപ്പാലം തോടിനു സമീപമുള്ള പൈപ്പ്മാറ്റി തുടങ്ങി. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നും 9,79,000 രൂപ ഉപയോഗിച്ചതാണ് പദ്ധതി നടപ്പാക്കുന്നത് ഈ വാർഡുകാർ നഗരസഭ ടാങ്കറിൽ എത്തിക്കുന്ന കുടിവെള്ളത്തെയാണ് ആശ്രയിച്ചിരുന്നത്.
നിലവിൽ നാലിഞ്ച് പൈപ്പിലൂടെയായിരുന്നു കുടിവെള്ളം എത്തിച്ചിരുന്നത്. ഇത് മാറ്റി എട്ടിഞ്ച് പൈപ്പുകളാണ് സ്ഥാപിക്കുന്നത്. ഇത് പത്തടിപ്പാലം കിൻഡർ ആശുപത്രിക്കു സമീപമുള്ള 300 എം.എം പൈപ്പുമായി ബന്ധിപ്പിക്കും. ഇതിനായി പത്തടിപ്പാലം കൽവെർട്ടിനടിയിലൂടെ പൈപ്പ് വലിച്ച് എതിർവശത്തുള്ള എട്ടിഞ്ച് പൈപ്പുമായി ബന്ധിപ്പിക്കുന്ന ജോലിക്കായി ഈ ഭാഗം കാന ശുചീകരണവും നടക്കുന്നുണ്ട്.
പത്തടിപ്പാലം തോട്ടിൽ അടിഞ്ഞുകൂടിയ മണ്ണുംമാലിന്യവും ജെ.സി.ബിയുടെ സഹായത്തോടെ മാറ്റിത്തുടങ്ങി. ഇതിനായി നഗരസഭ പ്രത്യേകം ഫണ്ട് കണ്ടെത്തിയാണ് ശുചീകരണം നടത്തുന്നതെന്ന് ഹെൽത്ത് കമ്മിറ്റി ചെയർമാൻ എ.കെ.നിഷാദ് പറഞ്ഞു. മഴക്കാലപൂർവ ശുചീകരണം എല്ലാ വാർഡുകളിലേക്കും നടത്തുന്നതിനായി കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നാൽ പത്തടിപ്പാലം തോട്ടിലെ ഇനിയും മുറിച്ചുമാറ്റാത്ത പൈപ്പുകളും കേബിളുകളും ഉടനെ മുറിച്ചുമാറ്റണമെന്നും കുടിവെള്ള പൈപ്പ് താഴെനിന്നും ഉയർത്തി മുകളിലൂടെ മാറ്റിസ്ഥാപിക്കണമെന്നും കൗൺസിലർമാരായ റഫീഖ് മരക്കാർ, ദിലീപ്കുമാർ എന്നിവർ ആവശ്യപ്പെട്ടു.