malinyam
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യുന്ന വാഹനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ആറ് മാസത്തിലേറെയായി കെട്ടിക്കിടന്ന പ്ലാസ്റ്റിക്ക് മാലിന്യം നീക്കി. ഹരിതകർമസേന വീടുകളിൽനിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യമാണ് നീക്കംചെയ്യാതെ കെട്ടിക്കിടന്നിരുന്നത്. പുതിയഭരണസമിതി സ്വകാര്യവ്യക്തിക്ക് ടെണ്ടർ നൽകിയാണ് മാലിന്യം നീക്കാൻ നടപടിയെടുത്തത്.

ഹരിതകർമസേന 18 വാർഡുകളിലെയും പ്ലാസ്റ്റിക് കവറുകൾ ശേഖരിച്ച് ആറാംവാർഡിൽ പ്രവർത്തിക്കുന്ന സംഭരണ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ഇവിടെനിന്നും മാലിന്യം നീക്കാതിരുന്നതിനാൽ വീടുകളിൽനിന്നും പിന്നീടുണ്ടായ മാലിന്യം ഏറ്റെടുത്തിരുന്നില്ല. തുടർന്ന് വീടുകളിലും മാലിന്യം കുന്നുകൂടി.

ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റൈജ അമീർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.എസ്. മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, മെമ്പർമാരായ രാജേഷ് പുത്തനങ്ങാടി, പി.എസ്. യൂസഫ്, റംല അലിയാർ, സുബൈദ യൂസഫ്, ഹരിത കർമ്മ സേന സൂപ്പർവൈസർ റാഹില എന്നിവർ പങ്കെടുത്തു.