ആലുവ: കോൺഗ്രസ് നേതാക്കൾ അച്ചടക്കം ലംഘിക്കരുതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. കെ.പി.സി സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പ്രസ്താവനയോട് ആലുവ അദ്വൈതാശ്രമത്തിൽ വച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സിക്ക് അച്ചടക്ക സമിതിയുണ്ട്. കെ.പി.സി.സി യും അച്ചടക്ക സമിതിയും പ്രസ്താവന പരിശോധിക്കും.
താരിഖ് അൻവർ ആലുവ അദ്വൈതാശ്രമത്തിൽ സ്വാമി ശിവസ്വരൂപാനന്ദയെ സന്ദർശിച്ചു. വിവിധ മതസമുദായ - ആത്മീയ നേതാക്കളെ സന്ദർശിക്കുന്നത് അവരുടെ അനുഗ്രഹം തേടാനാണെന്നും താരിഖ് അൻവർ പറഞ്ഞു. ശിവഗിരി മഠത്തിന് രാഷ്ട്രീയമില്ലെന്നും എല്ലാവരോടും ഒരേ സമീപനമാണെന്നും നല്ലത് പ്രവർത്തിക്കുന്നവർക്കൊപ്പം പ്രാർത്ഥനയുണ്ടാകുമെന്നും സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. അടച്ചിട്ട മുറിയിൽ പത്ത് മിനിറ്റോളം സ്വാമിയുമായി താരിഖ് അൻവർ കൂടികാഴ്ച്ച നടത്തി. ദേശീയ സെക്രട്ടറി അഡ്വ. ഐവാൻ ഡിസൂസ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ആർ. അഭിലാഷ് എന്നിവരും താരിഖ് അൻവറിനൊപ്പം ഉണ്ടായിരുന്നു.
അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർമാൻ ജെബി മേത്തർ, ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ഐ.എൻ.ടി.യു.സി ബ്ളോക്ക് പ്രസിഡന്റ് തോപ്പിൽ അബു, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, ഹസിം ഖാലിദ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.