construction

കൊച്ചി : കെട്ടിടങ്ങളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനായി സർക്കാർ ഏർപ്പെടുത്തിയ സംയുക്ത (കോമ്പോസിറ്റ്) ടെൻഡർ നടപടികൾ ഹൈക്കോടതി ശരിവച്ചു. സിവിൽ, ഇലക്ട്രിക്കൽ വർക്കുകൾ ഒരുമിച്ച് ടെൻഡർ നൽകുന്ന രീതിക്കെതിരെ കേരള ഗവ. ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ് അസോസിയേഷൻ നൽകിയ ഹർജി തള്ളിയാണ് സിംഗിൾബെഞ്ചിന്റെ നടപടി.

ഇത് വൻകിട കരാറുകാർക്ക് മാത്രമാണ് ഗുണമാവുകയെന്നും തങ്ങൾക്ക് തൊഴിൽ നഷ്ടമാകുമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ കോമ്പോസിറ്റ് ടെൻഡർ നടപടിയിൽ സിവിൽ കരാറുകാർക്കൊപ്പം ഇലക്ട്രിക്കൽ കരാറുകാർക്കും പങ്കെടുക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇലക്ട്രിക്കൽ വർക്കുകൾക്കാണ് പ്രാധാന്യമെങ്കിൽ ഇവരിലൂടെ മാത്രമേ കരാറിൽ പങ്കെടുക്കാനും കഴിയൂ. ഇൗ സാഹചര്യത്തിൽ വിവേചനമുണ്ടെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കോമ്പോസിറ്റ് ടെൻഡർ

കെട്ടിടങ്ങളുടെ ഇലക്ട്രിക്കൽ ജോലികൾ പ്രത്യേകം ടെൻഡർ ചെയ്യുന്നതിനു പകരം നിർമ്മാണത്തിനുള്ള സിവിൽ ടെൻഡറിനൊപ്പം ഇതും കരാർ നൽകും. നേരത്തേ സിവിൽ ജോലികൾ പൂർത്തിയാക്കിയ ശേഷമായിരുന്നു ഇലക്ട്രിക്കൽ ടെൻഡർ നൽകുന്നത്. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകാൻ വർഷങ്ങളോളം കാലതാമസമെടുക്കുന്ന ശൈലിമാറ്റിയാണ് കോമ്പസിറ്റ് ടെൻഡർ കൊണ്ടുവന്നത്. ചെലവു കുറയ്ക്കാനും കഴിയും.