കൊച്ചി: ജില്ലയിൽ 125 കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി ജില്ലാ ആർ.സി.എച്ച് ഓഫീസറും കൊവിഡ് നോഡൽ ഓഫീസറുമായ ഡോ. ശിവദാസ് പറഞ്ഞു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ജില്ലാ ഫീൽഡ് ഔട്ട്ബ്യൂറോയും ജില്ലാ ആരോഗ്യവകുപ്പ്, ഐ.സി.ഡി.എസ് മൂവാറ്റുപുഴയും സംയുക്തമായി കൊവിഡ് വാക്‌സിനേഷനെക്കുറിച്ച് നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് വാക്‌സിനേഷൻ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നമുള്ളവർ എന്നിവരൊഴികെ മറ്റെല്ലാവർക്കും നേരിട്ട് എടുക്കാവുന്നതാണ്. ഇതുമൂലം മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവില്ല. നാലു ഘട്ടങ്ങളിലായി നടക്കുന്ന ഈ വാക്‌സിനേഷൻ 18 വയസിന് മുകളിലുള്ള എല്ലാവർക്കും നൽകുന്നതാണ്. വാക്‌സിനേഷൻ എടുക്കുന്നതിനോടൊപ്പം ജനങ്ങൾ ഈ രോഗത്തെ ജാഗ്രതയോടെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ഫീൽഡ് എക്‌സിബിഷൻ ഒഫീസർ പൊന്നുമോൻ, സി.ഡി.പി.ഒ സൗമ്യ എന്നിവർ സംസാരിച്ചു.