medical

കൊച്ചി: മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സമരത്തിന്റെ ഭാഗമായി ഇന്ന്എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് അദ്ധ്യാപകർ 'ഒരു ദിവസം നിരാഹാരം' ആരംഭിച്ചു.സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കെ.ജി.എം.സി.ടി.എ കോളേജിലെ അദ്ധ്യാപകരുടെ സഹോദര സംഘടനയായ കോ ഓപ്പറേറ്റിവ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷ (സി.എം.സി.ടി.എ) നുമായി ചേർന്ന് സംയുക്ത സമര സമിതി രൂപീകരിച്ചു.

സർക്കാർ മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകരുടെ അഞ്ചു വർഷമായ ശമ്പളപരിഷ്‌കരണ ഉത്തരവ് നടപ്പാക്കണമെന്നും അലവൻസ് പരിഷ്‌ക്കരണം ഉൾപ്പെടെ കുടിശിക ലഭ്യമാക്കണമെന്നും എൻട്രി കേഡറിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് കെ.ജി.എം.സി.ടി.എ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുന്നത്.

ജനുവരി 29 നു സർക്കാർ മെഡിക്കൽ കോളേജുകളിലും അവശ്യ അത്യാഹിത കൊവിഡ് ചികിത്സ ഒഴികെ സേവനങ്ങളും അദ്ധ്യയനവും മൂന്നു മണിക്കൂർ പൂർണമായും ബഹിഷ്‌കരിച്ചിരുന്നു. അന്നുമുതൽ എല്ലാദിവസവും അദ്ധ്യയനവും ഔദ്യോഗിക യോഗങ്ങളും പൂർണമായും ബഹിഷ്‌കരിച്ചു സമരം തുടർന്നുവരികയുമാണ്. ഇതിന്റെ ഭാഗമായാണ് നിരാഹാരം സംഘടിപ്പിക്കുന്നത്.

ഒത്തുതീർക്കണം: പി.ടി.എ

മെഡിക്കൽ അദ്ധ്യാപകരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ചു സമരം അവസാനിപ്പിക്കാനും നഷ്ടപ്പെട്ട ക്ലാസുകൾ പുനരാരംഭിക്കാനും നടപടി സ്വീകരിക്കണമെന്ന് എറണാകുളം മെഡിക്കൽ കോളേജിലെ അദ്ധ്യാപക രക്ഷാകർതൃ സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു. മെഡിക്കൽ അദ്ധ്യാപകരെ കടുത്ത സമരത്തിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്ന് സംഘടന ആവശ്യപ്പെട്ടു.

ശമ്പളപരിഷ്‌കരണ ഉത്തരവും അലവൻസ് പരിഷ്‌ക്കരണവും മറ്റാവശ്യങ്ങളും നടപ്പാക്കണമെന്നാശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി സർക്കാർ മെഡിക്കൽ കോളേജുകളിൽ അദ്ധ്യാപകർ സമരത്തിലാണ്. അദ്ധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എ ജനുവരി 29 നു മൂന്നു മണിക്കൂർ സൂചനാസമരം നടത്തിയിരുന്നു. എല്ലാ ദിവസവും അദ്ധ്യയനവും ഔദ്യോഗിക യോഗങ്ങളും പൂർണമായും ബഹിഷ്‌കരിക്കുകയാണ്. വിദ്യാർത്ഥികൾക്കുള്ള ക്ലാസുകളും പ്രവർത്തിപരിചയവും കോളേജ് അധിഷ്ഠിത പരീക്ഷകളും മുടങ്ങി.

എറണാകുളം മെഡിക്കൽ കോളേജ് കോവിഡിതര ആശുപത്രിയായി മാറ്റി മെഡിക്കൽ അദ്ധ്യയനം വീണ്ടും സാധാരണഗതിയിലായപ്പോഴാണ് അദ്ധ്യാപകരുടെ സമരം. സർക്കാർ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ഇതുമൂലം അക്കാഡമിക് രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പരീക്ഷകൾ വൈകുന്നതും ക്ലാസുകൾ നഷ്ടപ്പെടുന്നതും ഭാവിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് സംഘടന അറിയിച്ചു.