തൃക്കാക്കര : വികസന കുതിപ്പിലാണ് കാക്കനാട്. എന്നാൽ യാത്രദുരിതം ചില്ലറയൊന്നുമല്ല കാക്കനാടിനെ പേര് ദോഷം കേൾപ്പിച്ചിട്ടുള്ളത്. ഇനി ഈ ചീത്തപ്പേര് മായ്ച്ചുകളയാം. ഗതാഗത രംഗത്ത് പുതിയ നാഴികകല്ലായി വിശേഷിപ്പിക്കുന്ന കൊച്ചി വാട്ടർമെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. എറണാകുളം വൈറ്റിലയിൽ നിന്ന് കാക്കനാട്ടേക്കാണ് ആദ്യ സർവീസ്. 22ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെയാണ് പദ്ധതി നാടിന് സമർപ്പിക്കുക.

ജർമൻ സഹായത്തോടെയാണ് വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നത്. രണ്ടാംഘട്ടമായി 19 വാട്ടർ ജെട്ടികൾ കൂടി അടുത്ത വർഷം തുറന്നു കൊടുക്കും. പതിനാറ് റൂട്ടിലായി 76 കിലോമീറ്റർ ദൂരത്തിലാണ് ജലമെട്രോ സർവീസ്. 41 ജെട്ടികളുണ്ടാകും. വൈപ്പിൻ, വില്ലിങ്ടൺ, ഇടക്കൊച്ചി, കുമ്പളം, നെട്ടൂർ, വൈറ്റില, ഏലൂർ, കാക്കനാട്, ബോൾഗാട്ടി, മുളവുകാട് ദ്വീപുകളുമായി സർവീസ് ബന്ധിപ്പിക്കും. ദ്വീപ് നിവാസികളുടെ യാത്രാപ്രശ്‌നങ്ങൾക്കും ഇതോടെ പരിഹാരമാകും. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള വാട്ടർ മെട്രോ സർവീസ് ടൂറിസം വികസനത്തിനും പ്രയോജനപ്പെടും. 747 കോടി രൂപയാണ് വാട്ടർ മെട്രോയുടെ ചെലവ്.

അതേസമയം ജലമെട്രോയ്ക്ക് പിന്നാലെ കൊച്ചി മെട്രോ കൂടി എത്തുന്നതോടെ കാക്കനാടും കൊച്ചിയുടെ ഐ.ടി.ഹബ്ബായ ഇൻഫോപാർക്ക്, സ്മാർട് സിറ്റി മേഖലകളിലേക്ക് എത്താൻ മൂന്ന് മാർഗങ്ങളാണ് തുറക്കപ്പെടുക.
ജില്ലാഭരണ സിരാകേന്ദ്രം എന്നതിനു പുറമെ പതിനായിരക്കണക്കിന് ഐ. ടി പ്രൊഫഷണലുകൾ ജോലി ചെയ്യുന്ന ഇൻേഫോപാർക്ക്, സ്മാർട് സിറ്റി എന്നിവയുടെ പ്രാധാന്യം ഇതോടെ വർദ്ധിക്കും. കോടി ക്കണക്കിന് രൂപ മുടക്കി സ്ഥലം ഏറ്റെടുക്കൽ കീറാമുട്ടിയായിരിക്കേയാണ് കേന്ദ്ര ബജറ്റിൽ രണ്ടാംഘട്ട പദ്ധതിക്കുള്ള മുഴുവൻ തുകയും വകയിരുത്തിയത്.പദ്ധതി ചെലവിനായുള്ള 1957 കോടിയും കേന്ദ്രഫണ്ടായി ലഭിക്കും.നേരത്തെ 338.75 കോടിയായിരുന്ന രണ്ടാം ഘട്ട കേന്ദ്ര വിഹിതത്തിന് പകരമാണ് ആവശ്യപ്പെട്ട മുഴുവൻ തുകയും പദ്ധതിക്കായി ബജറ്റിൽ നീക്കിവച്ചത്.കാക്കനാടിന്റെ വികസനക്കുതിപ്പ് ഐടി മേഖലയിൽ വിദേശ രാജ്യങ്ങൾ ഇതിനോടകം പ്രയോജനപ്പെടുത്തിക്കഴിഞ്ഞു.