ldf

ആലുവ: ജീവനക്കാർക്ക് ശമ്പളംപോലും നൽകാൻ കഴിയാത്ത ആലുവ നഗരസഭയിൽ ഭരണ - പ്രതിപക്ഷ അടി തുടങ്ങി. പുതിയ കൗൺസിൽ അധികാരമേറ്റിട്ടും യാതൊരു മാറ്റവുമില്ല. നിസാരകാര്യങ്ങളുടെ പേരിൽ ഇറങ്ങിപ്പോക്കും ആരോപണ - പ്രത്യാരോപണങ്ങളുമായിരുന്നു കഴിഞ്ഞ കൗൺസിലിന്റെ കാലത്തെ ശാപം. ഇത് തന്നെ ഇക്കുറിയും ആവർത്തിക്കുമെന്ന ആശങ്കയാണ് നഗരവാസികൾക്ക്.

അംഗങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഭരണപക്ഷം നിഷേധിക്കുന്നതായി ആരോപിച്ചാണ് ഇന്നലെ എൽ.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് കവാടത്തിൽ കുത്തിയിരുന്നത്. പ്രത്യേക കൗൺസിൽ യോഗം ഉൾപ്പെടെ നഗരസഭയുടെ രണ്ട് കൗൺസിൽ യോഗങ്ങളാണ് ഇന്നലെ നടന്നത്. ആദ്യം നടന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ പ്രതിപക്ഷാംഗങ്ങൾക്ക് ചെയർമാൻ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

2019 ഒക്ടോബർ 20ലെ കൗൺസിൽ നിരാകരിച്ച വിഷയം വീണ്ടും പാസാക്കിയെടുക്കുന്നതിനാണ് ഇന്നലെ പ്രത്യേക കൗൺസിൽ യോഗം വിളിച്ചത്. എന്നാൽ പക്ഷപാതപരമായി തീരുമാനം എടുക്കുന്നത് ചോദ്യം ചെയ്ത അംഗങ്ങളെ സംസാരിക്കാൻ ചെയർമാൻ അനുവദിച്ചില്ലെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ശ്രീലത വിനോദ് കുമാർ ആരോപിച്ചു. പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങളെ ഭയക്കുന്നതിനാലാണ് സംസാരിക്കാൻ അനുവദിക്കാത്തതെന്നും എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.

നടപടിക്രമങ്ങൾ പാലിക്കാതെയാണ് കൗൺസിൽ യോഗം വിളിക്കുന്നതെത്. നിയമപ്രകാരം കൗൺസിൽ യോഗം വിളിക്കുന്നതിന് മൂന്നു ദിവസം മുമ്പ് നോട്ടീസ് നൽകണം. ഇന്നലെ ചേർന്ന യോഗത്തിന് ബുധനാഴ്ചയാണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ ജനുവരി 25നു ചേർന്ന കൗൺസിൽ യോഗത്തിന്റെ മിനുട്ട്‌സ് ഇന്നലത്തെ യോഗത്തിലും വിതരണം ചെയ്തില്ല. ചട്ടമനുസരിച്ച് യോഗം കഴിഞ്ഞ് നാല് ദിവസത്തിനകം മിനുട്ട്‌സ് അംഗങ്ങൾക്ക് നൽകണം. പൊതുജനങ്ങൾക്കായി ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം.
ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ മിനി ബൈജു, അംഗങ്ങളായ ശ്രീലത വിനോദ് കുമാർ, ഗെയിൽസ് ദേവസി പയ്യപ്പിള്ളി, വി.എൻ. സുനീഷ്, ടിന്റു രാജേഷ്, ദിവ്യ സുനിൽകുമാർ, ലീന വർഗീസ് എന്നിവരണ് യോഗം ബഹിഷ്‌കരിച്ചത്. പ്രതിഷേധ ധർണയിൽ സി.പി.എം ആലുവ ലോക്കൽ സെക്രട്ടറി പോൾ വർഗീസ് സംസാരിച്ചു.

പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമെന്ന് ചെയർമാൻ

നഗരസഭക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു. മുൻ കൗൺസിലിന്റെ കാലത്ത് 9,10 വാർഡുകളിൽ ടാറിംഗ് ചെയ്യാൻ തീരുമാനിച്ച രണ്ട് റോഡുകളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കോൺക്രീറ്റ് കട്ടകൾ വിരിച്ചാൽ മതിയെന്ന നിർദ്ദേശമുണ്ടായി. കൗൺസിലർമാരും വാർഡിലെ റെസിഡന്റ്‌സ് അസോസിയേഷനുകളും നിവേദനം നൽകിയിരുന്നു. ഇതേതുടർന്നാണ് പ്രത്യേക കൗൺസിൽ വിളിച്ച് അംഗീകരിച്ചത്. നേരത്തെ അപേക്ഷ നൽകാതെ ഇത്തരത്തിൽ മാറ്റം വരുത്തണമെന്ന് പ്രത്യക കൗൺസിൽ യോഗത്തിൽ ഉന്നയിക്കാൻ ശ്രമിക്കുകയായിരുന്നു. നിയമപരമായി കഴിയാത്തതിനാലാണ് തടഞ്ഞത്. അപേക്ഷ നൽകിയാൽ പരിഗണിക്കുമെന്നും ആരുടെയും സ്വാതന്ത്ര്യം ഭരണസമിതി നിഷേധിച്ചിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു.