
കൊച്ചി: കേരളത്തിലാദ്യമായി കൊച്ചിയിൽ തുടക്കം കുറിച്ച മുലപ്പാൽ ബാങ്ക് അടുത്തമാസം തൃശൂരിലും തുറക്കും. അമ്മമാർ സഹായിച്ചാൽ എല്ലാ ജില്ലകളിലും മുലപ്പാൽ ബാങ്ക് ആരംഭിക്കാനാണ് പദ്ധതി. നടിയും അവതാരകയുമായ പേളി മാണിയാണ് ബ്രാൻഡ് അംബാസഡർ.
എറണാകുളം ജനറൽ ആശുപത്രിയിലാണ് മുലപ്പാൽ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. നെക്ടർ ഒഫ് ലൈഫ് എന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ ശൈലജ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. അമ്മയുടെ പാൽ ലഭിക്കാത്ത ആറുമാസംവരെയുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. റോട്ടറി ഡിസ്ട്രിക്ട് 3201ന്റെ സാമൂഹ്യസേവന പദ്ധതികളുടെ ഭാഗമായാണിത്.
തൃശൂർ ജൂബിലിമിഷൻ ആശുപത്രിയിലും മുലപ്പാൽബാങ്ക് പ്രവർത്തനം ആരംഭിക്കും. രണ്ടിടത്തുമായി 47 ലക്ഷം രൂപയാണ് ചെലവ്. ജനങ്ങളുടെ സ്വീകാര്യത വിലയിരുത്തി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണർ ആർ. മാധവ്ചന്ദ്രൻ പറഞ്ഞു.
പ്രവർത്തനം ഇങ്ങനെ
ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന നവജാതശിശുക്കൾക്കാണ് തുടക്കത്തിൽ സൗജന്യമായി മുലപ്പാൽ ലഭ്യമാക്കുക. ആശുപത്രിയിൽ പ്രസവിച്ചവരും ആരോഗ്യവിവരങ്ങൾ ലഭ്യമായവരുമാണ് മുലപ്പാൽ ദാതാക്കൾ. പാസ്ചറൈസ് ചെയ്ത് പാൽ ആറുമാസംവരെ ഉപയോഗിക്കാം. പാസ്ചറൈസേഷൻ യൂണിറ്റ്, റെഫ്രിജറേറ്ററുകൾ, ഡീപ്പ് ഫ്രീസറുകൾ, ബ്രെസ്റ്റ് പമ്പ്, ആർ.ഒ പ്ലാന്റ്, സ്റ്റെറിലൈസിംഗ് ഉപകരണങ്ങൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാണ് മുലപ്പാൽബാങ്ക് സ്ഥാപിച്ചത്. നിയോനാറ്റോളജി ഫോറം, ഇന്ത്യൻ അസോസിയേഷൻ ഒഫ് പീഡിയാട്രീഷ്യൻസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കൊച്ചിൻ ഗെെനക് സൊസെെറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനം.