cancer

കൊച്ചി : മതിയായ ഫണ്ടും 300 ദിവസവും അനുവദിച്ചാൽ കളമശേരിയിലെ കൊച്ചിൻ കാൻസർ സെന്ററിന്റെ നിർമാണം പൂർത്തിയാക്കാമെന്ന് കരാർ കമ്പനിയായ പി. ആൻഡ്.സി പ്രൊജക്ട്സ് ഹൈക്കോടതിയെ അറിയിച്ചു. കാൻസർ സെന്റർ നിർമ്മാണത്തിന്റെ കരാറിൽ നിന്ന് ഒഴിവാക്കിയതിനെതിരെ കമ്പനി നൽകിയ ഹർജി സിംഗിൾബെഞ്ച് പരിഗണിച്ചപ്പോഴാണ് ഹർജിക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഹർജിയിൽ വിശദീകരണം നൽകാൻ സർക്കാരും ഇൻകലും ഉൾപ്പെടെ എതിർ കക്ഷികൾ കൂടുതൽ സമയം തേടിയതിനെത്തുടർന്ന് ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. കൊച്ചിൻ കാൻസർ സെന്ററിന്റെ നിർമ്മാണത്തിൽ നിന്ന് കമ്പനിയെ ഒഴിവാക്കിയത് കരാറിനു വിരുദ്ധമാണെന്നാരോപിച്ചാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കാൻസർ സെന്ററിന്റെ നിർമ്മാണ കരാറിൽ കക്ഷികൾ തമ്മിൽ തർക്കമുണ്ടായാൽ പരിഹരിക്കാൻ ബഹുതല തർക്ക പരിഹാര സംവിധാനത്തെക്കുറിച്ച് പറയുന്നുണ്ട്. ഇത്തരമൊരു സംവിധാനത്തിന് രൂപം നൽകാതെ ഏകപക്ഷീയമായി കരാറുകാരെ ഒഴിവാക്കിയെന്നാണ് ഹർജിയിലെ ആരോപണം.

ഇൻകൽ അധികൃതർ കൃത്യമായി ഫണ്ട് അനുവദിക്കാത്തതും കൊവിഡ് വ്യാപനവുമൊക്കെ നിർമ്മാണ പ്രവർത്തനങ്ങളെ തടസപ്പെടുത്തിയട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 26 ന് നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നെന്നാരോപിച്ച് ഇൻകൽ അധികൃതർ കരാറുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ജനുവരി നാലിന് ഇതിനുള്ള മറുപടി നൽകിയെന്നും തർക്കങ്ങൾ പരിഹരിക്കാൻ ബഹുതല സംവിധാനം വേണമെന്നാവശ്യപ്പെടുന്ന നിവേദനം ജനുവരി ആറിന് നൽകിയെന്നും ഹർജിക്കാർ പറയുന്നു. പ്രശ്നത്തിൽ ഇടപെടാൻ സർക്കാരിനോടും കിഫ്ബിയോടും കരാർ കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇതുണ്ടായില്ല. ജനുവരി 18 നാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് ജനുവരി 31 ന് ഒഴിഞ്ഞു പോകാൻ ഇൻകൽ അധികൃതർ നോട്ടീസ് നൽകിയതെന്നും ഹർജിയിൽ പറയുന്നു.

 കമ്പനിയുടെ വിശദീകരണം

പൈലിംഗ് ജോലികളുൾപ്പെടെ ഏറെ ബുദ്ധിമുട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. കാൻസർ സെന്ററിന്റെ നിർമാണമിപ്പോൾ നിർണായക ഘട്ടത്തിലാണ്. ഇനിയുള്ള ജോലികൾ താരതമ്യേന എളുപ്പമുള്ളതാണ്. ഇൻകൽ അധികൃതർ ഫണ്ട് നൽകുന്നതിൽ വീഴ്ച വരുത്തുന്നു. കഴിഞ്ഞ ഡിസംബറിൽ നൽകിയ 3.34 കോടി രൂപയുടെ ബിൽ ഇനിയും മാറി നൽകിയിട്ടില്ല.