
 വില കിലോയ്ക്ക് ₹400ലേക്ക്
കോലഞ്ചേരി: കർഷകർക്ക് ആശ്വാസം പകർന്ന് അടയ്ക്കാവിലയിൽ വൻ കയറ്റം. കൊട്ടടയ്ക്കാ (ഉണങ്ങിയ അടയ്ക്ക) വില കഴിഞ്ഞവാരം എക്കാലത്തെയും ഉയരത്തിലെത്തി. കിലോയ്ക്ക് (പഴയത്) 380 രൂപയും പുതിയത് കിലോയ്ക്ക് 325 രൂപയുമാണ് മൊത്തവില. മുറുക്കവും രുചിയും പഴയതിനാണ് കൂടുതൽ; അതാണ് പഴയതിന്റെ വിലക്കൂടുതലിന്റെ രഹസ്യവും.
കഴിഞ്ഞ മൂന്നുമാസമായി മികച്ച വിലക്കയറ്റം അടയ്ക്കായ്ക്ക് ദൃശ്യമാണ്. ലോക്ക്ഡൗണിന് മുമ്പ് പഴയതിന് 266 രൂപയും പുതിയതിന് 298 രൂപയുമായിരുന്നു വില. പിന്നീട് കൊവിഡും ലോക്ക്ഡൗണും മൂലം അടയ്ക്കാ ഇറക്കുമതി നിലച്ചതും ഉത്തരേന്ത്യയിൽ ഡിമാൻഡ് കൂടിയതും വില കുതിക്കാൻ വഴിയൊരുക്കി. അടയ്ക്കാ ഉത്‌പാദനം കുറഞ്ഞതും വിലയിൽ പ്രതിഫലിച്ചു.
മംഗലാപുരവും കാസർഗോഡും
ശാസ്‌ത്രീയമായി കൃഷി ചെയ്യപ്പെടുന്ന മംഗലാപുരം അടയ്ക്കായ്ക്കാണ് വിപണിയിൽ ഏറ്റവും പ്രിയം. ഇതിനു വിപണിവില കിലോയ്ക്ക് 450 രൂപയോളമാണ്. കേരളത്തിൽ കവുങ്ങുകൃഷി കൂടുതൽ കാസർഗോഡാണ്. ഇടവിളയാണ് ഇവിടെ അധികവും. കൊവിഡിന് മുമ്പ് പ്രതികൂല കാലാവസ്ഥയും രോഗബാധയും മൂലം വിളനഷ്‌ടം വ്യാപകമായിരുന്നു. ഇപ്പോഴത്തെ വിലക്കയറ്റം കർഷകർക്ക് ഏറെ ആശ്വാസമാണ്.
₹380
വിപണിയിൽ കൂടുതൽ ഡിമാൻഡുള്ള അടയ്ക്കാ 'പഴയത്" ഇനത്തിന് വില കിലോയ്ക്ക് 380 രൂപ. ലോക്ക്ഡൗണിന് മുമ്പത്തെ വില 266 രൂപ.
'' അടയ്ക്കാ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിലയാണ് ഇപ്പോൾ കിട്ടുന്നത്""
ടി.വി. ബാബുരാജ്,
അടയ്ക്കാ വ്യാപാരി, പട്ടിമറ്റം