 
കോതമംഗലം: എന്റെ നാട് കൂട്ടായ്മയ്‌ക്കെതിരെയും ചെയർമാനെതിരെയും സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടത്തുന്ന രാഷ്ട്രീയ പകപോക്കലുകൾക്കെതിരെ എന്റെ നാട് ജനകീയ കൂട്ടായ്മ നടത്തിയ അവകാശസംരക്ഷണ റാലിയിൽ ആയിരങ്ങൾ അണിനിരന്നു. എന്റെ നാട് പ്രസ്ഥാനം നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ നിയോജക മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ തടയുകയും കാൻസർ രോഗികൾക്കും വിധവകൾക്കുമുള്ള ധനസഹായത്തിന് എത്തിച്ചേർന്നവരെ അടക്കം മർദ്ദിക്കുകയും ചെയർമാൻ ഷിബു തെക്കുംപുറത്തിനെ വ്യക്തിഹത്യ നടത്തുന്നതിനുമെതിരെയാണ് എന്റെ നാട് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
പ്രകടനത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ,കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, മെമ്പർമാരായ ഷിബു കുര്യാക്കോസ്, ലിസി പോൾ, സിന്ധു ജിജോ, വത്സ ജോർജ്, ബബിത മത്തായി, നോബമാത്യു, റിൻസ് റോയി, സിബി കളപ്പുരയ്ക്കൽ, ബിൻസി മോഹനൻ, ബേസിൽ തണ്ണിക്കോട്ട്, എം.വി. രാജി,വൃന്ദ മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.
കോതമംഗലത്ത് കഴിഞ്ഞ 5 വർഷക്കാലം പ്രകടനപത്രികയിൽ പറഞ്ഞിരുന്ന കാര്യങ്ങൾ നടപ്പാക്കാതിരുന്നതിലെ നാണക്കേട് മറച്ചുപിടിക്കലാണ് എന്റെ നാടിനെതിരെയുള്ള അക്രമങ്ങൾക്ക് പിന്നിലെന്ന് റാലിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻമന്ത്രി ടി.യു. കുരുവിള പറഞ്ഞു. ഏതെല്ലാം തരത്തിലുള്ള തടസങ്ങൾ ഉണ്ടാക്കിയാലും പാവപ്പെട്ടവർക്കായി എന്റെ നാട് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് കെ.പി.സി.സി നിർവാഹകസമിതി അംഗം കെ.പി. ബാബു പറഞ്ഞു. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം, പി.പി. ഉതുപ്പാൻ, പി.എസ്.എം സാദിഖ്, അബു മൊയ്തീൻ, എബി എബ്രാഹം പി.എ.പദുഷ, പി. പ്രകാശ്, ജോഷി പൊട്ടയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.