palam
നിർമ്മാണം തുടങ്ങിയ ചെങ്ങര എത്തേലിത്താഴം തോടിനു കുറുകെ പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന പാലം

കിഴക്കമ്പലം: നിർമ്മാണത്തിലെ അപാകത, കുന്നത്തുനാട് പഞ്ചായത്തിലെ വാത്തിമ​റ്റം അത്താണി റോഡിൽ ചെങ്ങര എത്തേലിത്താഴം തോടിനു കുറുകെ നിർമ്മിക്കുന്ന പാലം പണി നാട്ടുകാർ തടഞ്ഞു. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. എട്ട് ലക്ഷം രൂപ മുടക്കിയാണ് നിർമ്മാണം. ഒമ്പത് മീറ്റർ വീതിയിൽ നിർമ്മിക്കാനാണ് ടെൻഡറായത്. റോഡിനു നടുവിൽ നിന്നു തുല്ല്യമായി ഇരുവശത്തേയ്ക്കും നിർമ്മിക്കുന്നതിന് പകരം ഒരു വശത്തേയ്ക്ക് മാത്രം പാലം പണിതതാണ് തർക്കത്തിനിടയായത്. വാത്തിമറ്റം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്കാണ് പാലം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. റോഡിന്റെ വീതിയിൽ പാലത്തിനും വീതിയുണ്ടെന്നു കരുതി എത്തുന്ന വാഹന യാത്രക്കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് അപകടമുണ്ടാകാനിടയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പാലത്തിന്റെ നിർമ്മാണ വേളയിൽ ഇക്കാര്യങ്ങൾ സൂചിപ്പിച്ചെങ്കിലും റോഡിനോട് ചേർന്ന് കൃഷി ഭൂമിയുള്ളയാൾ അതിനോട് ചേർന്ന് പാലം നിർമ്മിക്കുന്നതിനെ എതിർത്തതാണ് ഒരു വശത്തേയ്ക്ക് മാത്രം നീക്കി പാലം നിർമ്മിക്കാനിടയാക്കിയത്. കഴിഞ്ഞ പ്രളയ കാലത്ത് മേഖലയലെ പാടശേഖരങ്ങൾ വെള്ളത്തിൽ മുങ്ങി കൃഷി നശിക്കുകയും, വീടുകളിൽ വെള്ളം കേറുന്ന സാഹചര്യവുമുണ്ടായതോടെയാണ് തോടുയർത്തി പാലം നിർമ്മിച്ച് നീരൊഴുക്ക് സുഗമമാക്കാൻ പാലം പണി തുടങ്ങിയത്. ഇതു വഴിയുള്ള ഗതാഗതവും മാസങ്ങളായി നിർത്തി വച്ചിരിക്കുകയാണ്. പണി തല്ക്കാലം നിർത്തിയതോടെ വാഹനഗതാഗതം പുനരാരംഭിക്കലും അനിശ്ചിതത്തത്തിലാകും.

നിർമ്മാണം നിർത്തിവച്ചു

ഇന്നലെ രാവിലെ നിർമ്മാണ സ്ഥലത്തെത്തിയ പൊതുമരാമത്ത് വകുപ്പ് അസി​റ്റന്റ് എൻജിനീയറെ നിർമ്മാണത്തിലെ അപാകം നാട്ടുകാർ ബോദ്ധ്യപ്പെടുത്തി.റോഡിന്റെ വീതിക്കും വളവിനും അനുസൃതമായിട്ടല്ല പാലം നിർമ്മിച്ചിരിക്കുന്നത്. ഒരു വശത്തേക്ക് പാലത്തിന്റെ നീളം ഒന്നര മീ​റ്ററോളം വർദ്ധിപ്പിക്കണം. അല്ലെങ്കിൽ വാഹനാപകടങ്ങൾ വർദ്ധിക്കുമെന്നാണ് പരാതി. നാട്ടുകാരുടെ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എൻജിനീയറെ ബോധ്യപ്പെടുത്തി വേണ്ടതുചെയ്യുമെന്ന് എ.ഇ നാട്ടുകാർക്ക് ഉറപ്പു നല്കി. അതുവരെ നിർമ്മാണം നിർത്തിവെക്കാനും നിർദ്ദേശിച്ചു.