പറവൂർ: പുതിയ കോടതി കെട്ടിടം നിർമിക്കാൻ പറവൂർ കച്ചേരി മൈതാനിയിൽ 50 സെന്റ് സ്ഥലം നടപടിക്രമങ്ങൾ പൂർത്തിയാക്കി മാർച്ച് ഒമ്പതിനകം ജുഡീഷ്യൽ വകുപ്പിന് കൈമാറണമെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി. 2011ൽ ആരംഭിച്ചിട്ടും പല കാരണങ്ങളാൽ തടസപ്പെട്ടുകിടന്ന കൈമാറ്റ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു പറവൂർ കോടതിയിലെ അഭിഭാഷകനായ സുജയ് സത്യൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്.
സ്ഥലം കൈമാറാൻ നാല് മാസത്തെ സമയം വേണമെന്ന് നവംബർ പത്തിന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഈ കാലാവധി മാർച്ച് ഒമ്പതിനാണ് അവസാനിക്കുന്നത്.
കൂടുതൽ സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ ഉൾപ്പെടെയുള്ള കക്ഷികളുടെ പ്രതികരണം രണ്ടാഴ്ചക്കുള്ളിൽ ലഭ്യമാകുമെന്ന് സർക്കാർ അഭിഭാഷകൻ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. സുജയ് സത്യന്റെ ഹർജിയിൽ കക്ഷി ചേർന്ന ബാർ അസോസിയേഷൻ കോടതി നിർമാണത്തിന് കൂടുതലുള്ള സ്ഥലം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. നിർദിഷ്ട ട്രഷറിക്ക് വടക്കുവശവും കോടതി സമുച്ചയത്തിന് അനുവദിക്കപ്പെട്ട 50 സെന്റിന് വടക്കുവശവും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ തിട്ടപ്പെടുത്തി സ്ഥല ലഭ്യത പരിശോധിച്ച് വിശദമായ റിപ്പോർട്ട് പത്ത് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ എക്സിക്യൂട്ടീവ് എൻജിനീയർ പി.ഡബ്ല്യു.ഡി ബിൽഡിംഗ് ഡിവിഷൻ ഇടപ്പള്ളി, സൂപ്രണ്ടിംഗ് എൻജിനീയർ ജുഡീഷ്യൽ ബിൽഡിംഗ് സർക്കിൾ ഇടപ്പള്ളി എന്നിവരോട് നിർദേശിച്ചിട്ടുണ്ട്.
നിർദിഷ്ട ട്രഷറിയും സമീപത്തുള്ള ഖരമാലിന്യ പ്ലാന്റും പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കാൻ സാധിക്കുമോ എന്നു ഗൗരവമായി പരിഗണിക്കാൻ സർക്കാരിനോടും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയോടും കളക്ടറോടും നിർദേശിച്ചു. കൂടുതൽ സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ കേസ് രണ്ട് ആഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.