factplant

കൊച്ചി: ഫാക്ടിൽ കാപ്രോലാക്ടം ഉല്പാദനം പുനരാരംഭിക്കാൻ ഇടപെടുമെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഢ ഉറപ്പ് നൽകിയതായി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ അറിയിച്ചു. നൈലോൺ ഉല്പാദനത്തിനായി കാപ്രോലാക്ടം ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്സ് കോർപ്പറേഷനും ഫാക്ടും മാത്രമാണ് ഉല്പാദിപ്പിച്ചിരുന്നത്. കാപ്രോലാക്ടത്തിന്റെ ഇറക്കുമതി തീരുവ യു.പി.എ സർക്കാർ വെട്ടിച്ചുരുക്കിയതിനെ തുടർന്ന് ആഭ്യന്തര ഉല്പാദനത്തിന്റെ ആവശ്യകതയിൽ ഗണ്യമായ കുറവുവന്നു. തുടർന്നാണ് പ്ളാന്റിന്റെ പ്രവർത്തനം നിറുത്തിവച്ചത്. ലോകവിപണിയിൽ എൽ.എൻ.ജിയുടെ വില കുറഞ്ഞപ്പോൾ കാപ്രോലാക്ടം പ്ളാന്റിന്റെ പ്രവർത്തനം വീണ്ടും തുടങ്ങാൻ കോടികൾ ചെലവഴിച്ചു. ഇതുവരെ കേന്ദ്ര രാസവള നിർമ്മാണ വകുപ്പിൽ നിന്നും അനുമതി ലഭിച്ചില്ല. പ്ളാന്റ് ഉല്പാദനം പുനരാരംഭിച്ചാൽ 234 പേർക്ക് സ്ഥിര നിയമനം ലഭിക്കുകയും ഫ്ക്ടിന്റെ വിറ്റ് വരവിൽ 500 കോടിയുടെ വർദ്ധനവ് ഉണ്ടാകുമെന്നും അദ്ദേഹം നിവേദനത്തിൽ ചൂണ്ടിക്കാട്ടി.