mask

കളമശേരി : ഉപയോഗ ശൂന്യമായ മാസ്കും അന്തർവാഹിനിയും തമ്മിൽ ഒരു ബന്ധമുണ്ട് ! ശെടാ..ഇതെന്ത് ബന്ധമെന്നാകും ല്ലേ. സംഭവം സിംപിളും പവർഫുള്ളുമാണ്. ഉപയോഗ ശൂന്യമായ മാസ്കിൽ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക്കിനെ റബ്ബറുമായി കൂട്ടിക്കലർത്തി പോളിമർ ബ്ലെൻഡ് ഉണ്ടാക്കാം. ഹൈ പെർഫോമൻസ് കാർ ബമ്പറുകൾ, ഡാഷ് ബോർഡുകൾ, യുദ്ധ വിമാനങ്ങളുടെയും, അന്തർവാഹിനികളുടേയും സുരക്ഷിത കവചങ്ങൾ എന്നിങ്ങനെ നിരവധി ഉത്പന്നങ്ങൾ പോളിമർ ബ്ലെൻഡിൽ നിർമ്മിക്കാമെന്നതാണ് ഇതിന്റെ മേന്മ.കുസാറ്റിലെ ഒരു സംഘം ഗവേഷക വിദ്യാർത്ഥികളാണ് ഈ നൂതന ആശയത്തിന് പിന്നിൽ. ദീപ്തി അന്നാ ഡേവിഡ്, ജോർജ് വർഗീസ്.പി.ജെ എന്നീ വിദ്യാർത്ഥികളാണ് ഗവേഷണത്തിന്റെ ശില്പികൾ. അസോ.പ്രൊഫ. ഡോ. പ്രശാന്ത് രാഘവന്റെ മേൽനോട്ടത്തിലായിരുന്നു പഠനം. കണ്ടുപിടിത്തം ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. അമേരിക്കയിലെ നോർത്ത് ഡെക്കോട്ട യൂണിവേഴ്‌സിറ്റിയിലെ കോട്ടിംഗ്‌സ് ആൻഡ് പോളിമർ മെറ്റീരിയൽസ് വകുപ്പുമായി ചേർന്നാണ് ഉപയോഗശേഷം വലിച്ചെറിയപ്പെടുന്ന മാസ്‌ക്കുകൾ ശേഖരിച്ച് ഗവേഷണം നടത്തിയത്. കൃത്യമായ രീതിയിൽ അണുവിമുക്തമാക്കിയതിനുശേഷം ഉചിതമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അതിലെ പ്ലാസ്റ്റിക്ക്‌ നാരുകളെ കോംപാറ്റിബിലൈസർ മുഖേന റബ്ബറുമായി സംയോജിപ്പിച്ച് ഉണ്ടാക്കിയെടുത്ത പോളിമർ ബ്ലെൻഡുകൾ ഉപയോഗിച്ച് അന്തർവാഹിനികളേയും യുദ്ധ വിമാനങ്ങളേയും റഡാറുകളിൽ നിന്നും മറയ്ക്കുന്നതിനുള്ള സംരക്ഷിത കവചങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് ശാസ്ത്രജ്ഞർ.