പറവൂർ: ചാത്തനാട് -പറവൂർ റോഡിലെ കാലപ്പഴക്കംചെന്ന കുണ്ടേക്കാവ് പാലം പുനർനിർമ്മാണത്തിന്റെ ശിലാസ്ഥാപനം പൊതുമരമാത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ഓൺലൈനിലൂടെയാണ് ശിലാസ്ഥാനപം നടത്തിയത്. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഏഴിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസന്റ്, ജില്ലാപഞ്ചായത്തംഗം ഷാരോൺ പനക്കൽ, സി.എം. രാജഗോപാൽ, എം.എസ്. രതീഷ്, കെ.എം. വിനോദ്, ഷിജി കരുണാകരൻ, പിയൂസ് വർഗീസ്, സാലി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.2017-18 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി നാല് കോടി രൂപയുടെ അടങ്കലിലാണ് പാലം പുനർനിർമ്മിക്കുന്നത്. നിലവിലുള്ള പാലത്തിന് 9.2 മീറ്റർ നീളവും 4.5 മീറ്റർവീതിയുമാണുള്ളത്. പുതുക്കി പണിയുന്ന പാലത്തിനു 23.5 മീറ്റർ നീളമുള്ള ഒരു സ്പാനും, പാലത്തിന്റെ ഇരുവശത്തും 1.50 മീറ്റർ വീതിയുള്ള നടപ്പാതയും 7.50 മീറ്റർ വീതിയുള്ള കാര്യേജുവേയും ഉണ്ടാകും. പാലത്തിന്റെ ഇരുവശത്തും സിമന്റ് കോൺക്രീറ്റ് കൊണ്ടുള്ള റീട്ടെയിനിംഗ് വാൾ കെട്ടി നിലവിലുള്ള സംരക്ഷണഭിത്തി പുതുക്കി നിർമ്മിക്കുന്നതും പാലത്തിന്റെ ഇരുവശവും അപ്പ്രോച്ച് റോഡ് ടയിൽ വിരിച്ച് മനോഹരമാക്കും.