vyaja-pattayam

കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതയുടെ പേരിൽ 1976ലുള്ള 157 -ാം നമ്പർ പട്ടയം പ്രഥമദൃഷ്ട്യാ വ്യാജമാണെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. തൃക്കാക്കര നൈപുണ്യ സ്കൂളിനു സമീപത്തെ 27.96 ആർ വരുന്ന ഇൗ ഭൂമിയുടെ ക്രയവിക്രയം സമഗ്രമായി അന്വേഷിക്കണമെന്നും എറണാകുളം സെൻട്രൽ പൊലീസ് സി.ജെ.എം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

വ്യാജ പട്ടയമുണ്ടാക്കി ഭൂമി വിറ്റെന്നും സഭയ്‌ക്ക് കോടികളുടെ നഷ്ടമുണ്ടായെന്നും ആരോപിച്ച് അഡ്വ. പോളച്ചൻ പുതുപ്പാറ,​ അതിരൂപതയുടെ മുൻ ഫിനാൻസ് ഒാഫീസർ ഫാ. ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ്, മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി എന്നിവർക്കെതിരെ കോടതിയിൽ നൽകിയ പരാതിയിലാണ് റിപ്പോർട്ട്.

പരാതി അന്വേഷിക്കാൻ 2020 മാർച്ച് 20നാണ് കോടതി നിർദ്ദേശിച്ചത്. പരാതിക്കാരനു പുറമേ, ഫാ. ജോഷി പുതുവ, റിയൽ എസ്റ്റേറ്റുകാരനായ സാജു വർഗീസ്, ഭൂമി വാങ്ങിയവരിലുൾപ്പെട്ട പി.ഒ. ജോസ്, ബെന്നി സെബാസ്റ്റ്യൻ, ലാൻഡ് ട്രൈബ്യൂണൽ സ്പെഷ്യൽ തഹസിൽദാർ റെജി ജോൺ തുടങ്ങിയവരുടെ മൊഴിയെടുത്തു. എറണാകുളം ലാൻഡ് ട്രൈബ്യൂണലിലെ പട്ടയരേഖകളും പരിശോധിച്ചു. തുടർന്നാണ് പട്ടയം വ്യാജമെന്ന നിഗമനത്തിൽ പൊലീസെത്തിയത്.

 പൊലീസിന്റെ കണ്ടെത്തലുകൾ

ഭൂമി വാങ്ങിയവർ ഹാജരാക്കിയ 1976ലെ ക്രയസർട്ടിഫിക്കറ്റിലെ ഇരുപുറങ്ങളിലെയും ഒപ്പുകൾ വ്യത്യാസമുണ്ട്. ഇൗ ഒപ്പുകളും എറണാകുളം ലാൻഡ് ട്രൈബ്യൂണലിൽ നിന്നനുവദിച്ച സർട്ടിഫിക്കറ്റുകളിലെ ഒപ്പുകളും തമ്മിലും വ്യത്യാസമുണ്ട്. ട്രൈബ്യൂണൽ രേഖകളിലെ ഭൂമിയുടെ വലിപ്പവും ഇവർ ഹാജരാക്കിയ സർട്ടിഫിക്കറ്റിലെ ഭൂമിയുടെ വലിപ്പവും വ്യത്യസ്തമാണ്. വിവാദപട്ടയത്തിന്റെ അസൽരേഖ എറണാകുളം ആർച്ച് ബിഷപ്പ് ഹൗസിലെ രേഖകളിൽ കണ്ടെത്താനായില്ലെന്ന് ആർച്ച് ബിഷപ്പ് ഹൗസിലെ പ്രൊക്യൂറേറ്റർ അറിയിച്ചു.