bund

മുളന്തുരുത്തി: വർഷങ്ങൾ നീണ്ട ആവശ്യം ഒടുവിൽ യാഥാർത്ഥ്യമാകുന്നു. കോണോത്തുപുഴയിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ പുത്തൻകാവ് ഭാഗത്ത് റെഗുലേറ്റർ നിർമ്മിക്കുന്നു. കിഫ്ബിയുടെ സഹയാത്തോടെ കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡവലപ്‌മെന്റ് കോർപ്പറേഷനാണ് റെഗുലേറ്റർ നിർമ്മിക്കുന്നത്. 23 കോടിരൂപയാണ് നിർമ്മാണ ചെലവ്. നിർമാണോദ്ഘാടനം നാളെ രാവിലെ 10.30 ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും.

റെഗുലേറ്റർ പൂർത്തിയാകുതോടെ ആമ്പല്ലൂർ, ഉദയംപേരൂർ, മുളന്തുരുത്തി, ചോറ്റാനിക്കര ഗ്രാമപഞ്ചായത്തുകൾ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ആയിരം ഹെക്ടറോളം കൃഷി സ്ഥലത്ത് ഉപ്പു വെള്ളം കയറുന്നത് തടയാനും ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും കഴിയും. പുതിയ റെഗുലേറ്ററിൽ ചെറുവള്ളങ്ങൾക്ക് കടന്നു പോകുവാൻ കഴിയുന്ന തരത്തിൽ ആറു മീറ്റർ വീതിയിൽ ലോക്ക് സൗകര്യം ഉറപ്പ് വരുത്തും.

പുത്തൻകാവ് ഭാഗത്തുള്ള റെഗുലേറ്റർ കാലപ്പഴക്കം മൂലം തകർന്ന് കിടക്കുകയാണ്. നിലവിൽ താത്കാലികമായി ബണ്ട് നിർമ്മിക്കുകയാണ് പതിവ്. വർഷക്കാലമാകുമ്പോൾ ഇതു പൊളിക്കുമെങ്കിലും പൂർണമായി നീക്കം ചെയ്യാറില്ല. ഇത് കോണത്തു പുഴയിലെ സ്വാഭാവിക നീരൊഴുക്കിനെ ബാധിച്ചിരുന്നു. കോണത്തു പുഴയുടെ ഈ ദുരവസ്ഥ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.