വൈപ്പിൻ: നിർമ്മാണം പൂർത്തികരിച്ച നായരമ്പലം നെടുങ്ങാട് പള്ളിപ്പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നാടിന് സമർപ്പിച്ചു. സംസ്ഥാന ബ്ര്രജിൽ ഉൾപ്പെടുത്തി 650 ലക്ഷം രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്. 7.50 മീറ്റർ വീതിയിലും 32.86 മീറ്റർ നീളവുമുള്ളതാണ് പുതിയ പാലം. പാലത്തിന് ഇരുവശവുമുള്ള റോഡിന്റെ നിർമ്മാണത്തിന് സർക്കാർ ഭരണാനുമതി നല്കിയതായി ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന എസ് . ശർമ്മ എം.എൽ.എ അറിയിച്ചു. 30.40 ലക്ഷം രൂപയുടെ ഈ പ്രവൃത്തി ഇതിനകം ടെണ്ടർ ചെയ്തു കഴിഞ്ഞിട്ടുണ്ട്.നായരമ്പലം നെടുങ്ങാട് പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിന് ശേഷം എസ് ശർമ്മ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് , ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം ബി ഷൈനി, ജിജി വിൻസന്റ് , ഷിനു കെ.വി, ജോബി വർഗീസ്, പി.വി. ലൂയിസ് , ഇ.സി.ശിവദാസ് , അഡ്വ. വി.പി സാബു, അസി.എക്‌സി. എൻജിനിയർ പിയൂസ് വർഗീസ് , അസി. എൻജിനീയർ ശാലു അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.