rv-babu-

പറവൂർ: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന പ്രചാരണം നടത്തിയെന്ന കേസിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബുവിനെ (53) പറവൂർ പൊലീസ് അറസ്റ്റുചെയ്തു. ഹലാൽ ഭക്ഷണം വിൽക്കുന്ന സ്ഥാപനങ്ങൾ ബഹിഷ്കരിക്കണമെന്ന് യൂട്യൂബ് ചാനലിൽ വീഡിയോവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 29ന് പറവൂർ പൊലീസ് ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചേരാനല്ലൂരിൽ ബാബു ജോലിചെയ്യുന്ന സ്ഥാപനത്തിൽ വച്ചായിരുന്നു അറസ്റ്റ്. അടുത്ത തിങ്കളാഴ്ച മജിസ്ട്രേട്ട് കോടതിയിൽ ഹാജരാകണമെന്ന നിർദേശത്തോടെ ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. ബാബുവിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഹിന്ദു ഐക്യവേദി പ്രവർത്തകർ സ്റ്റേഷൻ പരിസരത്ത് എത്തിയിരുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.