നെടുമ്പാശേരി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബി.ജെ.പി അഖിലേന്ത്യ അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്ക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകിയ കേസിൽ അഞ്ഞൂറോളം ബി.ജെ.പി പ്രവർത്തകർക്കെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തു. വിമാനത്താവളത്തിന്റെ 500 മീറ്റർ ചുറ്റളവിൽ ആൾക്കൂട്ടം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചും മാസ്ക് ധരിക്കാതെയും സാമൂഹ്യഅകലം പാലിക്കാതെയും സംഘടിച്ചതിനുമാണ് കേസ്.
വ്യാഴാഴ്ച രാവിലെയാണ് നദ്ദയ്ക്ക് ബി.ജെ.പി ജില്ലാ കമ്മിറ്റി സ്വീകരണം ഒരുക്കിയത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നിവരെല്ലാം നദ്ദയ്ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും ഇവരുടെ പേര് ഇപ്പോൾ കേസിൽ ഉൾപ്പെടുത്തിയിട്ടില്ല. നേതാക്കളായ ബാബു കരിയാട്, എം.എ. ബ്രഹ്മരാജ്, കെ.എസ്. ഷൈജു, ബസിത്‌കുമാർ, സജി തൃക്കാക്കര, സെന്തിൽകുമാർ, രൂപേഷ് പൊയ്യാട്ട്, കെ.ജെ. ഹരിദാസ്, എ. സദാശിവൻ, മനു അങ്കമാലി, അനിൽകുമാർ അങ്കമാലി, സലീഷ് ചെമ്മണ്ടൂർ, അഡ്വ. രമാദേവി എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 500 പേർക്കെതിരെയാണ് കേസ്.