കരുമാല്ലൂർ: കോളേജ് വിദ്യാർത്ഥിനിയായ 17കാരിയെ കാറിൽ തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കടുങ്ങല്ലൂർ ഏലൂക്കര തച്ചവള്ളത്ത് വീട്ടിൽ ഷിഹാബിനെയാണ് (44) ആലങ്ങാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം മനയ്ക്കപ്പടി തെക്കേത്താഴം റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ ഇയാൾ ബലമായി കാറിലേക്ക് പിടിച്ചുകയറ്റിക്കൊണ്ടുപോയതായാണ് പരാതി. കുറച്ചുദൂരം സഞ്ചരിച്ചശേഷം പെൺകുട്ടിയെ റോഡിൽ ഇറക്കിവിടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പീഡനശ്രമത്തിന് പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.