
കൊച്ചി: സംസ്ഥാനത്ത് പഴംപച്ചക്കറി ഉത്പാദനം വർദ്ധിപ്പിക്കാനും ഉത്പന്നങ്ങളുടെ ന്യായവില ഉറപ്പാക്കാനുമായി മൂന്ന് ബൃഹദ് പദ്ധതികളുമായി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ. റീബിൾഡ് കേരള പദ്ധതിയുടെ സഹായത്തോടെ ചക്ക വിപണന കേന്ദ്രം, എല്ലാ ജില്ലകളിലുമായി തളിർ ഗ്രീൻ ഔട്ട്ലെറ്റുകൾ, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ സഹായത്തോടെ പാലക്കാട് ആലത്തൂരിൽ വിത്ത് സംഭരണ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം ഇന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും.
വിത്തു കേന്ദ്രം റെഡി
97.5 ലക്ഷം രൂപ ചെലവിലാണ് 100 ടൺ സംഭരണശേഷിയുള്ള തെർമ്മൽ ഇൻസുലേറ്റഡ് വിത്തു കേന്ദ്രം ഒരുക്കിയിരിക്കുന്നത്. 2000 ചതുരശ്ര അടി കെട്ടിടം, സംഭരണത്തിനുള്ള ആധുനിക സജ്ജീകരണങ്ങൾ, ജെർമിനേഷൻ റൂം, ആധുനിക പായ്ക്കിംഗ്, കൊവിഡ് മെഷീനുകൾ, വിത്ത് സൂക്ഷിക്കുന്നതിനായി മെറ്റൽ ബിൻ, ഹെർമെറ്റിക്ക് ബാഗ്സ് തുടങ്ങിയ നിയന്ത്രിത അന്തരീക്ഷ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ പദ്ധതി പ്രാവർത്തികമാകുന്നത്തോടെ പച്ചക്കറി വിത്തുകൾ അങ്കുരണശേഷി നഷ്ടപ്പെടാതെ സൂക്ഷിച്ചുവയ്ക്കാനും ഇവ ഗ്രേഡ് ചെയ്ത് ഗുണമേന്മ ഉറപ്പുവരുത്തി കർഷകർക്ക് ലഭ്യമാക്കാനും സാധിക്കും
ചക്കയ്ക്കും വിപണന ശ്രൃംഖല
ചക്കയുടെ ഉത്പന്ന നഷ്ടം കുറച്ച് ഒരു വിപണന ശ്രൃംഖല ഒരുക്കാനും മൂല്യവർദ്ധനം സാദ്ധ്യമാക്കുകയാണ് ലക്ഷ്യം. 75 ലക്ഷം രൂപ ചെലവിൽ ഇടുക്കി കലയന്താനി സ്വാശ്രയ കർഷക സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ചക്ക വിപണന കേന്ദ്രത്തിലൂടെ ഇത് സാദ്ധ്യമാകുമെന്നാണ് റീബിൾഡ് കേരളയുടെ പ്രതീക്ഷ.ഇടിചക്ക, ഫ്രോസൺ ജാക്ക്, ചക്ക കട്ട്ലറ്റ്, ചക്ക അട, ചക്ക പൗഡർ തുടങ്ങിയ ഉൽപന്നങ്ങളാണ് കൗൺസിലിൻ്റെ തളിർ ബ്രാൻഡിൽ ആദ്യഘട്ടത്തിൽ സജ്ജമാക്കിയിരിക്കുന്നത്. വിത്ത്, തെെ, കർഷകർ ഉൽപാദിപ്പിക്കുന്ന സുരക്ഷിത പഴം പച്ചക്കറി, മൂല്യവർദ്ധിത ഉൽപന്നങ്ങൾ എന്നിവയും രണ്ടു സെക്ഷനുകളായി ഇക്കോഷോപ്പിലൂടെ ലഭിക്കും. ഓരോ ഇക്കോഷോപ്പിനും രണ്ട് ലക്ഷം രൂപയുടെ സഹായമാണ് നൽകിയിരിക്കുന്നത്. പത്തനംതിട്ട കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ കർഷകർക്ക് മൂല്യവർദ്ധനത്തിന് ആവശ്യമായ പരിശീലനവും നൽകിയിട്ടുണ്ട്.