
ആലുവ: മൈക്രോ ഫിനാൻസിൽ കോടികളുടെ അഴിമതി നടത്തിയതിനെത്തുടർന്ന് പുറത്താക്കപ്പെട്ടവരാണ് എസ്.എൻ.ഡി.പി യോഗത്തിനെതിരെ സമരവുമായി രംഗത്തുവരുന്നതെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇന്നലെ ആലുവയിൽ യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമന്റെ വീടിന് സംരക്ഷണവലയം ഒരുക്കിയ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗം പ്രസിഡന്റിന്റെ വീടിനുമുന്നിൽ ഇന്നലെ രാവിലെ എസ്.എൻ.ഡി.പി യോഗം വിമോചനസമിതിയെന്ന പേരിൽ പ്രതിഷേധസമരം സംഘടിപ്പിക്കുന്നതായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരണമുണ്ടായതിനെ തുടർന്നാണ് ആയിരത്തിലേറെ പ്രവർത്തകർ സംരക്ഷണവലയം തീർത്തത്.
എസ്.എൻ.ഡി.പി യോഗത്തിന്റെ ചരിത്രത്തിൽ കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലുണ്ടായ വളർച്ച സമുദായാംഗങ്ങൾക്കറിയാം. പലപ്പോഴായി പലതരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചവർ ഇപ്പോൾ പുതിയ ചിലരെ കൂട്ടുപിടിച്ചിരിക്കുകയാണ്. ഇത്തരം നീക്കത്തെ എസ്.എൻ.ഡി.പി യോഗവും ശ്രീനാരായണ സമൂഹവും അവജ്ഞയോടെ തള്ളിക്കളയുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ജില്ലയിലെ വിവിധ യൂണിയനുകളിൽ നിന്നായി ആയിരത്തിലേറെ യോഗം പ്രവർത്തകർ തോട്ടക്കാട്ടുകരയിലെ വസതിക്ക് സമീപം സംഘടിച്ചതിനെ തുടർന്ന് വിമോചനസമിതി സമരക്കാർ എത്തിയില്ല.
യോഗം കൗൺസിലർമാരായ ബേബിറാം, ഷീബ ടീച്ചർ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പച്ചയിൽ സന്ദീപ്, സെക്രട്ടറി രാജേഷ് നെടുമങ്ങാട്, വിവിധ യൂണിയൻ ഭാരവാഹികളായ എം.ബി. ശ്രീകുമാർ, മഹാരാജ ശിവാനന്ദൻ, സി.എൻ.രാധാകൃഷ്ണൻ, ഹരി വിജയൻ, എം.ഡി. അഭിലാഷ്, വി. സന്തോഷ് ബാബു, എ.എൻ. രാമചന്ദ്രൻ, കെ.എസ്. സ്വാമിനാഥൻ, വിജയൻ പടമുകൾ, പി.എ. സോമൻ, ടി.ജി. വിജയൻ, ജോഷി വൈപ്പിൻ, ടി.എൻ. സത്യൻ, വി.കെ. നാരായണൻ, ഷൈജു മനക്കപ്പടി, സുധീർ ചോറ്റാനിക്കര എന്നിവർ സംരക്ഷണവലയത്തിന് നേതൃത്വം നൽകി.
സമരം പ്രഖ്യാപിച്ച എസ്.എൻ.ഡി.പി യോഗം വിമോചന സമിതിക്കാർ ഉച്ചയോടെ ആലുവ റെയിൽവേ സ്റ്റേഷൻ കവാടത്തിൽ പ്രതിഷേധയോഗം നടത്തി.