congress

കൊച്ചി: ജയസാദ്ധ്യതയുള്ള സീറ്റുറപ്പിക്കാൻ കോൺഗ്രസിലെ മുതിർന്ന വനിതാനേതാക്കളുടെ പടയൊരുക്കം. എല്ലാ ജില്ലയിലും ഒരു സീറ്റെങ്കിലും വനിതകൾക്ക് കിട്ടണമെന്നാവശ്യപ്പെട്ട് പാർട്ടി അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് കത്തുനൽകി. യോഗ്യരുടെ പട്ടികയും തയ്യാറാക്കി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് ഇപ്പോഴും സജീവമായ വനിതകളാണ് പട്ടികയിലുള്ളത്.

സ്ഥാനാർത്ഥി നിർണയത്തിന് സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ എ.ഐ.സി.സി രൂപീകരിച്ച പ്രത്യേക സമിതിയിലെ അംഗങ്ങളായ രമ്യ ഹരിദാസ് എം.പി, ഷാനിമോൾ ഉസ്‌മാൻ എം.എൽ.എ, കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് അഡ്വ. ലാലി വിൻസെന്റ്, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ എന്നിവരാണ് വനിതകൾക്കായി ഇറങ്ങിത്തിരിച്ചത്. മുതിർന്ന നേതാക്കൾ ഉൾപ്പെട്ട 40 അംഗ ഉന്നതാധികാര സമിതിയിലെ വനിതാമുഖങ്ങളാണ് നാലുപേരും. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ അഭിപ്രായം പറയാൻ സംസ്ഥാനത്തെ വനിതകൾക്ക് അവസരം ലഭിക്കുന്നത് ആദ്യമായാണ്.

തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിലേക്ക് വനിതകളെ തള്ളിവിടുന്നത് ഇനി നടക്കില്ലെന്നാണ് നിലപാട്. വനിതാ സംവരണത്തിലൂടെ തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവി ലഭിച്ചവർക്ക് നിയമസഭയിൽ മത്സരിക്കാൻ അവസരം നൽകുന്നതും എതിർക്കുമെന്ന് വനിതാനേതാക്കൾ വ്യക്തമാക്കി.

സീറ്റ് ആവശ്യപ്പെട്ട് ലാലി വിൻസെന്റ്

എറണാകുളം, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒരെണ്ണം ഇക്കുറി ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റിന് കത്തു നൽകിയിട്ടുണ്ടെന്ന് ലാലി വിൻസെന്റ് പറഞ്ഞു. 43 വർഷമായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന തനിക്ക് ഇപ്പോഴല്ലെങ്കിൽ പിന്നെ ഏതുകാലത്ത് ജന്മനാട്ടിൽ മത്സരിക്കാൻ അവസരം ലഭിക്കുമെന്നാണ് ലാലിയുടെ ചോദ്യം. എറണാകുളം കാരിയായ ഇവർ കഴിഞ്ഞതവണ മാരാരിക്കുളത്ത് ഡോ. തോമസ് ഐസക്കിനെതിരെ മത്സരിച്ച് തോറ്റിരുന്നു.

യു.ഡി.എഫിന് വിജയം ഉറപ്പുള്ള എറണാകുളം ജില്ലയിലെ ഒരു മണ്ഡലത്തിലും വനിതയെ പരിഗണിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ലെന്ന് എ.ഐ.സി.സി മുൻ അംഗവും പി.എസ്.സി മുൻ അംഗവുമായ സിമി റോസ്‌ബെൽ ജോൺ പറഞ്ഞു.

കെ.വി. തോമസിനെ വിശ്വാസം പോരാ

കൊച്ചി മണ്ഡലത്തിൽ ഒരു വനിതയെ മത്സരിപ്പിക്കണമെന്ന് മുൻ എം.പി കെ.വി. തോമസ് ആവശ്യപ്പെട്ടതോടെ വനിത നേതാക്കൾ ജാഗ്രതയിലാണ്. പരിചയസമ്പന്നരായ വനിതകൾക്ക് അവസരം നൽകാതെ എം.പി, എം.എൽ.എ സ്ഥാനങ്ങളിലേക്ക് മത്സരിച്ചു വിജയിച്ച കെ.വി. തോമസ് മകൾക്ക് സീറ്റു സംഘടിപ്പിക്കാൻ സ്ത്രീപക്ഷവാദിയുടെ വേഷം അണിയുകയാണെന്ന് ഇവർ ആരോപിക്കുന്നു.