കളമശേരി: ജല അതോറിറ്റി കരാറുകാർ ഫെബ്രുവരി 15 മുതൽ സംസ്ഥാനമൊട്ടാകെ അനിശ്ചിതകാലത്തേക്ക് പണി മുടക്കുന്നു. ഇന്നലെ ചേർന്ന സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. ജൽജീവൻ മിഷൻ പദ്ധതി പ്രകാരമുള്ള അറ്റകുറ്റപണികളും നിറുത്തിവയ്ക്കും. 18 മാസത്തെ കുടിശിക കിട്ടാനുണ്ടെന്ന് പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ വാട്ടർ കണക്ഷൻ കരാറുകാർ നൽകുമ്പോൾ പാർട്ട് ബില്ലുകളുടെ 60 ശതമാനം മാത്രമാണ് കിട്ടുന്നതെന്നും ബാക്കി തുകയും ഫൈനൽ ബില്ലും കിട്ടുന്നില്ലെന്നാണ് പരാതി. വില വ്യതിയാന നഷ്ടം നൽകുക, കേന്ദ്ര സഹായ പദ്ധതികളുടെ വിഹിതം യഥാസമയം കിട്ടുന്നതിന് മോണിറ്ററിംഗ്‌ കമ്മിറ്റിയിൽ കരാറുകാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്നുമാണ് ആവശ്യം. പി. നാഗരത്നം , ചെയർമാനും ജോസഫ് ജോൺ ജനറൽ കൺവീനറുമായി വാട്ടർ അതോറിറ്റി സമരസമിതി രൂപീകരിച്ചു. വാർത്താസമ്മേളനത്തിൽ കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, സത്യൻ എം .ആർ., ബാബു തോമസ്, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.