fishkoodu

കൊച്ചി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ നൂറ് യൂണിറ്റ് കൂട് കൃഷി പദ്ധതി. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 64 യൂണിറ്റുകളിൽ വിത്തിറക്കി. ബാക്കി 36 കൂടുകളുുടെ നിർമ്മാണം പൂർത്തിയായി വരുന്നു. ജില്ലയിലെ പടിഞ്ഞാറൻ മേഖലയായ പറവൂർ , കൊച്ചി താലൂക്കുകളിലും വൈപ്പിൻ ബ്ലോക്കും കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിൽ 2020 നവംബർ മാസത്തിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. ഡിസംബറിൽ തന്നെ 64 യൂണിറ്റുകളിൽ കൂട് കൃഷിയുടെ വിത്തിറക്കി. കാളാഞ്ചി, വറ്റ, കരിമീൻ, ചെമ്പല്ലി മത്സ്യങ്ങളുടെ വിത്തുകളാണ് കൃഷിയിറക്കിയത്.

ജില്ലയിലെ കൂട് കൃഷി പദ്ധതി

60 ക്യൂബിക്കിന്റെ കൂടുകളാണ് ഫിഷറീസ് വിഭാഗം നിർമ്മിക്കുന്നത്. ഇതിന് വിത്തടക്കം 3.50 ലക്ഷം രൂപ ചെലവ് വരും. കർഷകന് ഇതിൽ 40 ശതമാനം സർക്കാർ സബ്ബ്സിഡി നൽകും. ആറ് മാസം കഴിഞ്ഞ് വിളവെടുക്കുമ്പോൾ രണ്ട് ലക്ഷത്തിലധികം രൂപയെങ്കിലും ലാഭമുണ്ടാകും.

എവിടെയൊക്കെ കൃഷിയിറക്കാം?

തുറസായ ജലാശയങ്ങളിൽ നിയന്ത്രിത ചുറ്റുപാടിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കാം. കായലുകൾ, പുഴകൾ, പൊക്കാളി പാടങ്ങൾ, ചെമ്മീൻ കെട്ടുകൾ എന്നീ സ്ഥലങ്ങളിൽ കൃഷി ചെയ്യാം. ഉപ്പ് ജലാശയങ്ങളിൽ കരിമീൻ , കാളാഞ്ചി, തിരുത എന്നിവയാണ് യോജിച്ച മത്സ്യങ്ങൾ.

പരിപാലനം കൃത്യമാകണം

കൂട് കൃഷിയുടെ വലകൾ 15 ദിവസം കൂടുമ്പോൾ ബ്രഷ് ഉപയോഗിച്ച് ചെളി ഉൾപ്പെടെ വൃത്തിയാക്കണം. ഓക്സിജൻ ലഭ്യമാകാൻ ഇത് അത്യാവശ്യമാണ്. കൂടുകളിൽ തീറ്റ അമിതമായി അടിഞ്ഞ് കിടക്കരുത്. മൂന്ന് നേരങ്ങളിലായി തീറ്റ നൽകണം. കപ്പലണ്ടി പിണ്ണാക്ക്, തവിട്, മീൻ പൊടി, ഗോതമ്പ് പൊടി, വൈറ്റമിൻ മിനറൽ മിശ്രിതം, മീനെണ്ണ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന മത്സ്യ തീറ്റയാണ് കൊടുക്കേണ്ടത്. വിളവെടുപ്പിന് ഒരു ദിവസം മുമ്പ് തീറ്റ നൽകുന്നത് നിർത്തണം. വയറ്റിൽ ഭക്ഷണം ഉണ്ടായാൽ മീനുകളുടെ സൂക്ഷിപ്പ് കാലയളവിൽ കേട് വന്നേക്കാം.