
കൊച്ചി: താരസംഘടനയായ അമ്മ അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ വീണ്ടും സിനിമയെടുക്കുന്നു. ഇത്തവണ ക്രൈംത്രില്ലർ സിനിമയാണ് ഒരുക്കുന്നതെന്ന് അമ്മ പ്രസിഡന്റുകൂടിയായ നടൻ മോഹൻലാൽ പറഞ്ഞു. കൊവിഡ് പ്രതിസന്ധി കാരണം സ്റ്റേജ് ഷോകൾ സാദ്ധ്യമല്ലാത്തതിനാലാണ് ചലച്ചിത്രം നിർമ്മിക്കുന്നത്.
പ്രിയദർശനും ടി.കെ.രാജീവ്കുമാറും ചേർന്നു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് രാജീവ്കുമാറാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ സിനിമ നിർമ്മിച്ചുനൽകും. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ അമ്മയിലെ അംഗങ്ങളിൽ 135 - 140 താരങ്ങൾ അഭിനയിക്കും. ചിത്രത്തിന്റെ പേര് പ്രേക്ഷകർക്ക് നിർദേശിക്കാം. ആശിർവാദ് സിനിമാസിന്റെ വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലുമായി മത്സരത്തിന്റെ വിവരങ്ങൾ ലഭിക്കും. തിരഞ്ഞെടുക്കുന്ന പേര് നിർദേശിച്ച വ്യക്തിക്കോ കുടുംബത്തിനോ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെട്ട ഷൂട്ടിംഗ് സെറ്റിൽ ഒരുദിവസം ചെലവിടാൻ അവസരം നൽകും. ഇതോടൊപ്പം സമ്മാനവും നൽകും.
2008ൽ ട്വന്റി 20 എന്ന ആക്ഷൻ ത്രില്ലർ സിനിമ അമ്മയ്ക്കുവേണ്ടിയാണ് നടൻ ദിലീപ് നിർമ്മിച്ചത്. അമ്മയുടെ പുതിയ ആസ്ഥാനമന്ദിരത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, എക്സിക്യുട്ടീവ് കമ്മിറ്റിഅംഗങ്ങൾ കൂടിയായ മുകേഷ്,സിദ്ദിഖ്, ജഗദീഷ്, ടിനി ടോം, സുധീർ കരമന, രചന നാരായണൻ കുട്ടി, ഹണിറോസ് തുടങ്ങിയവർ പങ്കെടുത്തു.
കർഷകസമരം: പ്രതികരിക്കാതെ മോഹൻലാൽ
കർഷക സമരത്തെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും മോഹൻലാൽ പ്രതികരിച്ചില്ല. പ്രതികരണം വേറൊരു അവസരത്തിലാകാമെന്നും അതിനു സമയമുണ്ടെന്നും മറുപടി നൽകി.