 
കൊച്ചി: രോഗംവന്നു ചികിത്സിക്കുന്നതിലുപരി രോഗം വരാതെനോക്കാനുള്ള ജീവിതരീതികൾ പഠിപ്പിക്കുന്ന വെൽനെസ് സെന്ററുകളെക്കുറിച്ച് ചിന്തിക്കേണ്ട സമയമായെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഓച്ചന്തുരുത്തിൽ റോട്ടറി കാൻക്യൂർ ലൂർദ്ദ് ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൃക്കകളുടെ പ്രവർത്തനം പൂർണമായും തകരാറിലായ നിർദ്ധനരായ രോഗികൾക്ക് ജീവിതം നിലനിർത്താനാവശ്യമായ തുടർ ഡയാലിസിസ് ചികിത്സ ലഭ്യമാക്കുകയാണ് ക്യാൻക്യൂർ ഡയാലിസിസ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള അർഹരായവർക്ക് ചികിത്സ ലഭ്യമാക്കും. തുടർച്ചയായി ചെയ്യേണ്ടതുള്ള എമർജൻസി കേസുകളിൽ ഉൾപ്പെടാത്ത രോഗികളെയാണ് ഈ സേവനത്തിനായി പരിഗണിക്കുന്നത്.
റോട്ടറി കൊച്ചിൻ ടെക്‌നോ പോളിസ് പ്രസിഡന്റ് സായ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ഹെെബി ഈഡൻ എം.പി, എസ്. ശർമ എം.എൽ.എ, കാൻക്യൂർ ഫൗണ്ടേഷൻ ഹോണററി സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ, മേയർ അഡ്വ. എം. അനിൽകുമാർ, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് രസികല, ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ, കാൻക്യൂർ ഫൗണ്ടേഷൻ പ്രസിഡന്റ് തോമസ് ജോസഫ്, റോട്ടറി 3201 ഡിസ്ട്രിക്ട് ഗവർണർ ജോസ് ചാക്കോ, എസ് രാജ്‌മോഹൻ നായർ, ഡോ. ജുനൈദ് റഹ്മാൻ, ജയരാജ്, ലൈല സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.