aa

കൊച്ചി: താര സംഘടനയായ അമ്മയ്ക്ക് അഞ്ചു നിലകളിൽ ആസ്ഥാനമന്ദിരം യാഥാർത്ഥ്യമായി. കലൂർ ദേശാഭിമാനി റോഡിലെ മന്ദിരത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് നിർവഹിച്ചു. ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ മുകേഷ്, ജഗദീഷ്, സിദ്ദിഖ്, ബാബുരാജ്, ടിനിടോം, സുധീർ കരമന, ഹണി റോസ്, രചന നാരായണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.

പത്തുകോടി രൂപ ചെലവിട്ടു നിർമ്മിച്ച കെട്ടിടത്തിൽ എ.സി മിനി തിയേറ്റർ ഹാൾ ഉൾപ്പെടെയുണ്ട്. മൺമറഞ്ഞ മലയാള സിനിമാ പ്രവർത്തകരുടെ ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പതിച്ച മെമ്മോറിയം, ഗ്രൗണ്ട് ഫ്ളോറിലെ റിസപ്ഷനിൽ സ്ഥാപിച്ചിട്ടുണ്ട്. സംഘടനയുടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങിയവർക്കു വേണ്ടിയാണ് ഒന്നാം നില. എക്സിക്യൂട്ടീവ് കമ്മിറ്റി ഹാളും ഇവിടെയുണ്ട്.

രണ്ടാംനിലയിലാണ് 125 പേർക്ക് ഇരിക്കാൻ കഴിയുന്ന മിനി തിയേറ്റർ ഹാൾ. മീറ്റിംഗുകളും മറ്റും നടത്താനും ഹാൾ ഉപയോഗിക്കും. മൂന്നാം നിലയിൽ ആർട്ട് ഗാലറിയും പ്രോഗ്രാം റിഹേഴ്സൽ സ്പേസുമാണ്. ചാരിറ്റി പ്രവർത്തനങ്ങൾക്കായും ഇതു ഉപയോഗിക്കും.

നാലാംനിലയിൽ സിനിമാ ചർച്ചകൾക്കായി അഞ്ച് ഗ്ളാസ് കാബിനുകളുണ്ട്. താരങ്ങളുമായി കഥയും സിനിമയും ചർച്ച ചെയ്യാനെത്തുന്നവരെ ലക്ഷ്യമിട്ടാണിത്. അഞ്ചാം നിലയിൽ കഫറ്റീരിയ.

സെക്കൻഡ് ഷോ തുടങ്ങണം

തിയേറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കാത്തത് ഫാമിലി പ്രേക്ഷകരെ അകറ്റിയെന്ന് അമ്മയുടെ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തമിഴ് സിനിമയ്ക്ക് നല്ല കളക്‌ഷൻ ലഭിച്ചെങ്കിലും മറ്റു പല കുടുംബ ചിത്രങ്ങൾക്കും പ്രതീക്ഷിച്ച പോലെ ഫാമിലി പ്രേക്ഷകരുടെ തിരക്കുണ്ടായില്ലെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു വിശദീകരിച്ചു.