
കൊച്ചി : വെള്ളത്തിൽ വർണപ്രപഞ്ചം തീർത്ത് നീളൻവാലുമായി നീന്തിക്കളിക്കുന്ന കുഞ്ഞൻ ഗപ്പി. നിന്നുതിരിയാൻ നേരമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും പരക്കംപായുന്ന സീബ്രാ മീനുകൾ.. മാലാഖയെപ്പോലെ ചിറകുവീശി മെല്ലെ മെല്ലെ നീന്തിക്കയറുന്ന എയ്ഞ്ചൽ ഫിഷ്... സർവാംഗം സ്വർണമയിയായി തിളങ്ങുന്ന ഗോർഡ് ഫിഷ്.. ഏകാകിയാകാൻ ഇഷ്ടപ്പെടുന്ന, കൂട്ടത്തിൽ വഴക്കാളിയായ ഫൈറ്റർ... കൊവിഡിലും അലങ്കാര മത്സ്യക്കൃഷി തിളങ്ങുകയാണ്....
എണ്ണത്തിൽ വൻവർദ്ധന
കുട്ടികൾ മുതൽ പ്രായമായവർ വരെ കൊവിഡ്കാലത്ത് മത്സ്യക്കൃഷിയിലേക്ക് ഇറങ്ങി. ഇങ്ങനെ ജില്ലയിൽ ഈ കാലഘട്ടത്തിൽ മാത്രം 2000 ത്തോളം പേരാണ് ഈ രംഗത്തേക്ക് ചുവട് വച്ചത്. മികച്ചൊരു വരുമാന മാർഗമായി മാറുകയാണ് അലങ്കാര മത്സ്യകൃഷി. അലങ്കാര മത്സ്യക്കൃഷിക്കൊപ്പം അനുബന്ധ ഉത്പന്നങ്ങളുടെ വില്പനയും ഇരട്ടിയായി. ഇന്ന് തൂക്കിയിടാവുന്നതുൾപ്പെടെ മനോഹരമായ ആകൃതികളിൽ അക്വേറിയങ്ങൾ കടകളിൽ ലഭ്യമാണ്.
മികച്ച രീതിയിൽ അലങ്കാര മത്സ്യക്കൃഷി നടത്തി മാസം തോറും ഒരു ലക്ഷത്തിലേറെ രൂപയുടെ വരുമാനം നേടുന്നവരാണ് പലരും.മികച്ച ആസൂത്രണം ഉണ്ടെങ്കിൽ വരുമാനം വർദ്ധിപ്പിക്കാം.
ബീറ്റക്കും ഗപ്പിക്കും പ്രിയം ഏറി
കുറഞ്ഞ പരിപാലനച്ചെലവും പെട്ടെന്നു ചത്തുപോകില്ലായെന്നതുമാണ് ഇതിന്റെ പ്രത്യേകത. മലിനജലത്തിലും ഇവ നിലനില്‍ക്കും. അലങ്കാര മത്സ്യക്കൃഷിയിലെ ഇഷ്ട ഇനമാണ് ഗപ്പി.ബീറ്റ കഴിഞ്ഞാൽ ഇവരാണ് താരം.
വാലിന്റെ പ്രത്യേകതയനുസരിച്ച് ഫ്ലാഗ് ടെയ്ല്‍ ഗപ്പി, ലോവര്‍ സ്വാർഡ് ടെയ്ൽ ഗപ്പി, ലേസ് ടെയ്ൽ ഗപ്പി, ലെയർ ടെയ്ൽ ഗപ്പി, ലോംഗ് ഫിൻ ഗപ്പി, ഫാൻ ടെയ്ൽ ഗപ്പി, അപ്പർ സ്വാർഡ് ടെയ്ൽ ഗപ്പി, ഡബിൾ സ്വാർഡ് ടെയ്ൽ ഗപ്പി, ഗ്ലാസ് ഗപ്പി, ഗ്രാസ് ഗപ്പി, മൊസൈക് ഗപ്പി, കിംഗ് കോബ്ര ഗപ്പി, സ്‌നേക് സ്‌കിൻ ഗപ്പി, പീക്കോക്ക് ഗപ്പി ഇങ്ങനെ പോകും പേരുകൾ. കൊതുകിന്റെ കൂത്താടി ഇവരുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. രോഗപ്രതിരോധശേഷി കൂടുതലുള്ള മത്സ്യങ്ങളാണ് ഇവ.
നിറഞ്ഞ് ലൈൻ വിപണി
അലങ്കാരമത്സ്യങ്ങളുടെ ഓൺലൈൻ വില്പനയും പൊടിപൊടിക്കുകയാണ്. കടകളിൽ വില്പന കൂടുതലും നാടൻ ഇനങ്ങൾക്കാണ്. വിലക്കുറവുള്ള ഇനങ്ങളാണ് അധികവും വിറ്റ് പോകുന്നത്. അലങ്കാരമത്സ്യങ്ങളുടെ വൈവിധ്യം തേടുന്നവർ അധികവും ഓൺലൈൻ വഴിയാണ് മീനുകളെ വാങ്ങുന്നത്. ബ്ലൂ കോബ്ര, സാന്റ ഗപ്പി തുടങ്ങിയ വില കൂടിയ മുന്തിയ ഇനങ്ങൾ എളുപ്പത്തിൽ ഓൺലൈനിൽ ലഭ്യമാകും. സാന്റ ഗപ്പിയ്ക്ക് 2,000 രൂപ വരെ വിലയുണ്ട്. ബ്ലൂ കോബ്രയ്ക്ക് 800 രൂപയാണ് വില.
അലങ്കാരമത്സ്യക്കൃഷി തുടങ്ങിയിട്ട് 10 വർഷമായി . ഓരോ വർഷവും മികച്ച വരുമാനമാണ് ഇതിൽനിന്ന് കിട്ടുന്നത്. കൊവിഡ് കാലത്തും വരുമാനം കൂടുകയാണ് ചെയ്തത്.
സിംപിൾ തോമസ്
.