കാലടി: കാലടി സംസ്കൃത സർവകലാശാലയിലെ അദ്ധ്യാപക നിയമനങ്ങൾക്കെതിരെയും റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് സി.പി.എം നേതാവ് എം.ബി രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയതിൽ പ്രതിഷേധിച്ചും വൈസ് ചാൻസലർ ധർമ്മരാജ് അടാട്ട് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. പ്രതിഷേധയോഗം മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു.
മനോജ് മൂത്തേടൻ, കെ.ബി. സാബു, ജിന്റോ ജോൺ, വൈശാഖ് .എസ് .ദർശൻ, ലിന്റോ പി. ആന്റു എന്നിവർ നേതൃത്വം നൽകി. തുടർന്ന് കെ.എസ്.യു പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് സംസ്കൃത സർവകലാശാല വി.സി യുടെ ഓഫീസിന് മുന്നിലേക്ക് ഓടിയെത്തി കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. ഓഫീസിനകത്തേക്ക് ഇരച്ച് കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി രംഗം ശാന്തമാക്കി.