highcourt

കൊച്ചി: സംസ്ഥാനത്തെ പൊതുനിരത്തുകളിലും ഹൈവേകളിലും നടപ്പാതകളിലും സ്ഥാപിച്ചിട്ടുള്ള അനധികൃത ആർച്ചുകൾ, പരസ്യബോർഡുകൾ, ഹോർഡിംഗുകൾ, പ്ളക്കാർഡുകൾ, ബാനറുകൾ തുടങ്ങിയവ ഉടനെ നീക്കംചെയ്യണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

തദ്ദേശഭരണ സ്ഥാപനങ്ങളും ദേശീയപാത അതോറിട്ടിയും ഇതിനുള്ള നടപടികൾ സ്വീകരിക്കുമ്പോൾ പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. പൊതുനിരത്തുകളിലെ അനധികൃത ബോർഡുകളും ആർച്ചുകളുമൊക്കെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂർ ചാലക്കുടി സ്വദേശി ഡോ. ജോണി കുളങ്ങര, ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളി, നോർത്ത് പറവൂർ സ്വദേശി അംജദ് അലി, കൊച്ചി സ്വദേശി സിറിൽറോയ് എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

യാത്രക്കാർക്ക് തടസമുണ്ടാക്കുന്ന ബോർഡുകൾ കണ്ടെത്തി റോഡ് സുരക്ഷാഅതോറിട്ടി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകണം. പാതയോരത്തെ മരങ്ങളിൽ ബോർഡ് സ്ഥാപിക്കാനായി തറച്ച ആണികൾ നീക്കംചെയ്യണമെന്നും മരങ്ങൾക്കും ജീവനുണ്ടെന്നത് മറക്കരുതെന്നും ഹൈക്കോടതി ഒാർമ്മപ്പെടുത്തി. നിർദ്ദേശങ്ങൾ മൂന്നു മാസത്തിനകം നടപ്പാക്കണമെന്ന് നിർദ്ദേശിച്ച ഡിവിഷൻ ബെഞ്ച് ഹർജി ഇതിനുശേഷം പരിഗണിക്കാൻ മാറ്റി.

ഹൈക്കോടതിയുടെ നിർദേശങ്ങൾ

 ബോർഡുകൾ വയ്ക്കുന്നതിന് റോഡിലും നടപ്പാതയിലും തൂണുകളും ഫ്രെയിമുകളും സ്ഥാപിക്കരുത്. ഇതിനു

കുഴിയെടുത്തിട്ടുണ്ടെങ്കിൽ അടയ്ക്കണം.

 കളക്ടർമാരും തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം.

 ബോർഡുകൾ മരങ്ങളിലുറപ്പിക്കാൻ സ്ഥാപിച്ച ആണികൾ നീക്കംചെയ്യാൻ ഫീൽഡ് ഒാഫീസർമാർക്ക് പൊതുമരാമത്ത്- തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ നിർദേശം നൽകണം.

 ദേശീയപാതയിലെ അനധികൃതബോർഡ് നീക്കുന്നതിന് എക്സിക്യുട്ടീവ് എൻജിനീയർ നടപടിയെടുക്കണം. തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഇതിനു സഹായിക്കണം.

 ട്രാൻസ്പോർട്ട് കമ്മിഷണറോ റോഡ് സേഫ്ടി കമ്മിഷണറോ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കണം. പാതയോരത്തെ മരങ്ങളിലും പോസ്റ്റുകളിലുമുള്ള അനധികൃത കേബിളുകൾ നീക്കംചെയ്യണം.

 അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എല്ലാമാസവും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകണം.

 റോഡ് സുരക്ഷാ കമ്മിഷണർ, ട്രാൻസ്പോർട്ട് കമ്മിഷണർ, തദ്ദേശഭരണ സെക്രട്ടറി. ആർ.ഡി.ഒ, ദേശീയപാത അതോറിട്ടി, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ തുടങ്ങിയവർക്ക് നടപടിയെടുക്കാനാവും.