
കൊച്ചി: ഈമാസം 20 നുള്ളിൽ ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടന പൂർത്തിയാക്കാത്ത പ്രദേശങ്ങളിലെ മുഴുവൻ മണ്ഡലം പ്രസിഡന്റുമാരെയും സ്ഥാനങ്ങളിൽനിന്ന് നീക്കം ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പുനഃസംഘടനയെക്കുറിച്ച് ആലോചിക്കാനായി 12 സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായരിന്നു അദ്ദേഹം.
26 നുള്ളിൽ ബൂത്ത് കമ്മിറ്റികൾ മുഴുവൻ നിലവിൽ വരണമെന്ന് കെ.പി.സി.സി നേതൃയോഗം തീരുമാനമെടുത്തിരുന്നു. സംസ്ഥാനത്തെ 25041 ബൂത്ത് കമ്മിറ്റികളിൽ 19341 ബൂത്ത് കമ്മിറ്റികൾ ഇതുവരെ പുനഃസംഘടിപ്പിച്ചു. ബാക്കി ബൂത്ത് കമ്മിറ്റികൾ 20 നുള്ളിൽ പുനഃസംഘടിപ്പിക്കണം. ഇതിൽ വീഴ്ചവരുത്തുന്ന മണ്ഡലം പ്രസിഡന്റുമാരെ 21ന് തന്നെ നീക്കം ചെയ്യും. ഈ പ്രദേശങ്ങളുടെ ചുമതലയുള്ള ഡി.സി.സി ഭാരവാഹികൾക്കെതിരെയും നടപടിയെടുക്കും. കഴിഞ്ഞമാസം 30ന് മണ്ഡലം അടിസ്ഥാനത്തിൽ പദയാത്ര നടത്താൻ തീരുമാനിച്ചതിൽ വീഴ്ച വരുത്തിയവർക്കെതിരെയും നടപടിയുണ്ടാകും.
ചെന്നിത്തലയുടെ യാത്രയ്ക്ക് ജനപ്രീതി വർദ്ധിച്ചുവരികയാണ്. 23 ന് തിരവനന്തപുരത്ത് യാത്രയുടെ സമാപന സമ്മേളനം രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും. ശബരിമല വിഷയത്തിൽ നിയമനിർമ്മാണത്തിന് ഒരു തടസവുമില്ല. നിയമ നിർമ്മാണത്തിന് എൽ.ഡി.എഫ് തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ന്യൂനപക്ഷ വിഭാഗങ്ങളിൽ ആശങ്കയും ഭൂരിപക്ഷ വിഭാഗങ്ങളിൽ പ്രീണനവും ഉണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. യാക്കോബായ - ഓർത്തഡോക്സ് തർക്കത്തിൽ സമവായത്തിന്റെ മാർഗം സ്വീകരിക്കണമെന്നതാണ് യു.ഡി.എഫ് നയം. തിരുവഞ്ചൂരിന്റെ ശബരിമല സംബന്ധിച്ച നിയമത്തിന്റെ കരട് രൂപരേഖയെക്കുറിച്ച് പിന്നീട് പറയാം. പള്ളികൾ സംബന്ധിച്ച് ചാണ്ടി ഉമ്മൻ നടത്തിയ വിവാദ പ്രസംഗത്തെക്കുറിച്ച് അദ്ദേഹവുമായി ബന്ധപ്പെട്ടശേഷം പ്രതികരിക്കാമെന്നും മുല്ലപ്പളി പറഞ്ഞു.
യോഗത്തിൽ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, എ.ഐ.സി.സി സെക്രട്ടറിമാരായ ഐവാൻ ഡിസൂസ, വി.വി. മോഹൻ, പി. വിശ്വനാഥൻ എന്നിവരും പങ്കെടുത്തു.