തൃക്കാക്കര : തൃക്കാക്കര നഗരസഭയിലെ മുൻ ഭരണസമിതി നടപ്പിലാക്കിയ മൂന്ന് വൻകിട പദ്ധതികൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാൻ നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. 65 ലക്ഷം രൂപയോളം ചിലവഴിച്ച് പാപ്പാളി റോഡ് ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിച്ചത്,നാല് കോടിയിൽ പരം രൂപ ചിലവഴിച് നഗര സഭനഗരസഭ ഓഫീസ്‌ നവീകരണം. 4.5 കോടി മുടക്കി എൽ.ഇ.ഡി ലൈറ്റ് സ്ഥാപിച്ചത് എന്നിവയാണ് ശുപാർശ ചെയ്തിരിക്കുന്ന പദ്ധതികൾ.

തൃക്കാക്കര നഗരസഭയിൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് 47 ടെൻഡറുകൾ റദ്ദാക്കി.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനു മുമ്പേ കൗൺസിൽ തീരുമാനിച്ച വർക്കുകളാണ് കൗൺസിൽ യോഗത്തിൽ റദ്ദാക്കിയത്. സ്ട്രീറ്റ് ലൈറ്റുകൾ മെയ്‌റ്റനൻസിനായി റീ ടെൻഡർ ചെയ്യുവാൻ തീരുമാനിച്ചു. കാക്കനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി,സ്കാനിംഗ് സെന്റർ എന്നിവ നടത്തുന്ന ഹിൽ ലൈഫ് കെയർ ലിമിറ്റഡ് കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നൽകും.കാക്കനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സ്ഥല പരിമിതി ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശത്തെ തുടർന്നാണ് നടപടി.
നഗരസഭ പ്രദേശത്ത് മാലിന്യം ഒന്നിടവിട്ട ദിവസങ്ങളിൽ ജൈവ മാലിന്യവും,ആഴ്ചയിൽ ഒരുദിവസം അജൈവ മാലിന്യവും ശേഖരിക്കും. മാലിന്യ ശേഖരിക്കുന്നതിന് വീടുകളിൽ നിന്നും വാങ്ങിയിരുന്ന 130 രൂപ യിൽ നിന്നും 100 രൂപയായി നിജപ്പെടുത്തി. തൃക്കാക്കരയിൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ സൗജന്യമായി കുടിവെള്ളം എത്തിക്കുന്നതിന് ടാങ്കർ ലോറി വാങ്ങാൻ തീരുമാനിച്ചു.നഗരസഭക്ക് ഒരു ആംബുലൻസ് കുടി വാങ്ങും.നഗര സഭയിൽ ഇതുവരെ ലഭിച്ചിട്ടുള്ള അപേക്ഷകൾക്കും പരാതികളും അടിയന്തിരമായി തീർപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. നഗരസഭാ പ്രദേശത്തെ 69 പൊതുകിണറുകൾ നവീകരിക്കും.

സപ്ലിമെന്ററി അജണ്ടയെ ചൊല്ലി പ്രതിപക്ഷ തർക്കം

നഗരസഭയിലെ പ്രധാന തീരുമാനങ്ങൾ സപ്ലിമെന്ററി അജണ്ടയിൽ ഉൾപ്പെടുത്തിയതിനെച്ചൊല്ലി പ്രതിപക്ഷം പ്രതിഷേധിച്ചു. ചട്ടങ്ങൾ പാലിച്ചുകൊണ്ട്‌ നടത്തിയ 47 ടെൻഡറുകൾ റദ്ദാക്കുന്നത് അടക്കമുള്ള നിർണായകമായ തീരുമാനങ്ങൾ പ്രധാന അജണ്ടയിൽ വരാതെ സപ്ലിമെന്ററി അജണ്ടയിൽ ഉൾപ്പെടുത്തിയ നടപടിക്കെതിരെയാണ് പ്രതിഷേധമുണ്ടായത്.പ്രധാന വിഷയങ്ങൾ അടുത്ത കൗൺസിലിൽ ഉൾപ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഭരണപക്ഷം അംഗീകരിച്ചില്ല.പ്രതിപക്ഷ ബഹളത്തിനിടെ എല്ലാ അജണ്ടയും പാസാക്കി. ഇതിനെതിരെ പ്രതിപക്ഷത്തോടൊപ്പം കോൺഗ്രസ് വിമതർ പി.സി മനൂപും വിയോജനക്കുറുപ്പ് നൽകി.