കൊച്ചി: കോഴിക്കോട് മാവൂരിലെ ഗ്രാസിം റയോൺസ് കമ്പനി 294 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാരിനും വനംവകുപ്പിനുമെതിരെ നൽകിയ പരാതി ആർബിട്രേഷൻ ട്രിബ്യൂണൽ തള്ളി. വനംവകുപ്പ് മതിയായ അസംസ്കൃത വസ്തുക്കൾ നൽകുന്നതിൽ മന:പൂർവം വീഴ്ചവരുത്തിയതിനെത്തുടർന്നാണ് കമ്പനി പൂട്ടേണ്ടിവന്നതെന്ന് ആരോപിച്ചാണ് മാവൂർ ഗ്രാസിം റയോൺസ് കമ്പനി (ഗ്വാളിയോർ റയൺസ് ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയത്. തർക്കപരിഹാരത്തിനായി നടപടി വേണമെന്ന കമ്പനിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിൽ സുപ്രീംകോടതിയാണ് ജസ്റ്റിസ് കെ.ടി. തോമസിനെ ആർബിട്രേഷൻ ട്രിബ്യൂണൽ അദ്ധ്യക്ഷനായി നിയോഗിച്ചത്. സർക്കാരിന്റെയും കമ്പനിയുടെയും വാദംകേട്ട ട്രിബ്യൂണൽ നഷ്ടപരിഹാരം വേണമെന്ന ആവശ്യം നിരസിച്ചു. കമ്പനി അടച്ചുപൂട്ടുന്നതിന് തൊട്ടുമുമ്പ് വനത്തിൽനിന്ന് അസംസ്കൃത വസ്തുക്കൾ വാങ്ങിയ കമ്പനി ഇതിനു സർക്കാരിന് പണം നൽകിയിരുന്നു. ഇൗ അസംസ്കൃത വസ്തുക്കൾ വനംവകുപ്പ് പിന്നീട് ഏറ്റെടുത്തു മറ്റൊരു കക്ഷിക്ക് വിറ്റു. ഇൗ തുക മാത്രം തിരിച്ചുനൽകണമെന്ന് ആർബിട്രേഷൻ ട്രിബ്യൂണലിന്റെ ഉത്തരവിൽ പറയുന്നു.