വൈപ്പിൻ: രാത്രികളിലെ കവർച്ചകളും മോഷണങ്ങളും രാവും പകലും നിയമം ലംഘിച്ച് പായുന്ന വാഹനങ്ങളെയും പൊലീസ് സ്റ്റേഷനിൽ ഇരുന്ന് നിരീക്ഷിക്കാനും കുറ്റവാളികളെ പിന്തുടരാനുമുള്ള സംവിധാനവുമായി മുനമ്പം പൊലീസ്. വടക്ക് മുനമ്പം അഴിമുഖം മുതൽ തെക്ക് പള്ളത്താംകുളങ്ങര വളവ് വരെയുള്ള മുനമ്പം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പോയിന്റുകളിലായി 80 ഐ.വി കാമറകറകളാണ് സ്ഥാപിക്കുന്നത്.200 മീറ്റർ ദൂരം സൂം ചെയ്തു കാണാവുന്നതും 180 , 360 ഡിഗ്രിയിൽ തിരിക്കാൻ കഴിയുന്നതുമാണ്. ഇതിൽ 50 എണ്ണം സ്ഥാപിച്ച് കഴിഞ്ഞു. 30 എണ്ണം ഉടൻ തന്നെ സ്ഥാപിക്കും.കുറ്റകൃത്യങ്ങളിൽ പകുതിയെങ്കിലും കുറക്കാനും വാഹനാപകടങ്ങളിൽ കാര്യക്ഷമമായ അന്വേഷണം നടത്തുന്നതിനും പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക് ജാം ഒഴിവാക്കാൻ അപ്പപ്പോൾ സ്റ്റേഷനിൽ നിന്ന് നിർദേശം നൽകാനും ഈ സംവിധാനം കൊണ്ട് കഴിയും.
പള്ളിപ്പുറം പഞ്ചായത്തിലെ 54 റസിഡൻസ് അസോസിയേഷനുകളുടെയും , കുഴുപ്പിള്ളിയിലെ 15 റസിഡൻസ് അസോസിയേഷനുകളുടെയും കൂട്ടായ്മയായ 2 അപ്പെക്‌സ് കൗൺസിലുകളും ചേർന്ന് രൂപപ്പെടുത്തിയ മുനമ്പം വെൽഫയർ അസോസിയേഷനാണ് ഫണ്ട് സ്വരൂപിക്കുന്നതിൽ മുൻപന്തിയിൽ നിന്നത്. ചലച്ചിത്രനിർമ്മാതാവ് വേണു കുന്നപ്പിള്ളി , ഹസാബി ഡയറക്ടർ സെബാസ്റ്റ്യൻ , സേവി താണിപ്പിള്ളി , പി കെ ഭാസി , കെ കെ അബ്ദുൽ റഹ്മാൻ , പി എസ് ചിത്തരഞ്ജൻ , അനിൽ വെസ്റ്റൽ തുടങ്ങിയവരൊക്കെ നേതൃത്വം നൽകി.
എറണാകുളം റൂറൽ പൊലീസ് ജില്ലയിൽ ചെങ്ങമനാട്, ബിനാനിപുരം സ്റ്റേഷനുകളിലാണ് സമാനമായ പദ്ധതി ഇതിനു മുൻപ് നടപ്പാക്കിയത്.
പിടി വീഴും
സ്റ്റേഷനിലെ 55 ഇഞ്ച് സ്‌ക്രീനിൽ മുഴുവൻ കാമറകളിലേയും ദൃശ്യങ്ങൾ കാണാൻ കഴിയും. ഇവ 28 ദിവസം വരെ നിലനിർത്താം. പാറാവ് നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് നിരീക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് സ്‌ക്രീൻ സ്ഥാപിച്ചിരിക്കുന്നത്.25 ലക്ഷം രൂപയാണ് ഇതിന്റെ ചെലവ്.
പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്
69 റസിഡൻസ് അസോസിയേഷനുകൾ പ്രതിവർഷം 1000 രൂപ വീതം അറ്റുകുറ്റപണികൾക്കായി നൽകും.ഇതിന് നേതൃത്വം വഹിക്കാൻ 15 അംഗ സമിതിക്കും രൂപം നൽകി കഴിഞ്ഞു.ഇന്ന് വൈകീട്ട് മുനമ്പം സ്റ്റേഷനിൽ വെച്ച് റൂറൽ എസ് പി കെ. കാർത്തിക് ഉദ്ഘാടനം നിർവഹിക്കും. ഡിവൈ.എസ്.പി മധു ബാബു, തുളസി സോമൻ , രമണി അജയൻ , കെ.എസ് നിബിൻ തുടങ്ങിയവർ പങ്കെടുക്കും.