കൊച്ചി: പതിനായിരങ്ങളെ കുടിയിറക്കുന്ന കെ-റെയിൽ പദ്ധതിയിലൂടെ ഇനി ഒരു മൂലമ്പള്ളി കൂടി കേരളത്തിൽ ആവർത്തിക്കുവാൻ അനുവദിക്കില്ലെന്ന് കെ റെയിൽ വിരുദ്ധ ജനകീയ സമിതി സംസ്ഥാന രക്ഷാധികാരി എം.ടി തോമസ് പറഞ്ഞു. മൂലമ്പള്ളി കുടിയൊഴിപ്പിക്കലിന്റെ 13 ാം വാർഷികദിനം ആചരിച്ചു കൊണ്ട് കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ സംസ്ഥാന കമ്മിറ്റി യോഗം എറണാകുളം ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 10ന് എറണാകുളം മൂലമ്പള്ളി സമരം കേന്ദ്രത്തിൽ നിന്ന് സമര പ്രചാരണജാഥ നടത്തുന്നതുൾപ്പെടെ നിയമപരമായ പോരാട്ടത്തിനും ശക്തമായസമര പരിപാടികൾക്കും കമ്മിറ്റി രൂപംനൽകി. എറണാകുളം,തൃശൂർ , മലപ്പുറം കണ്ണൂർ, കാസർഗോഡ് , ജില്ലകളിൽ പര്യടനം പൂർത്തിയാക്കി കോഴിക്കോട് കാട്ടിലപീടിക സമരകേന്ദ്രത്തിൽ ജാഥസമാപിക്കും.
ഇരുപതിനായിരം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് പദ്ധതി നടപ്പിലാക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 13 വർഷം മുമ്പ് മൂലമ്പള്ളി ഉൾപ്പെടെ വല്ലാർപാടം ടെർമിനൽ പ്രൊജക്ടിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളെ ഇനിയും പുനരധിവസിപ്പിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. പാരിസ്ഥിതി ദുർബലമായ കേരളത്തിൽ ഒരു പദ്ധതി നടപ്പിലാക്കുമ്പോൾ മതിയായ കൂടിയാലോചനകളും മുൻകരുതലുകളും ആവശ്യമാണ്. കൃത്യമായ പരിസ്ഥിതി ആഘാതപഠനമോ സാമൂഹ്യ ആഘാത പഠനമോ നടത്തിയിട്ടില്ല . തികച്ചും ഏകപക്ഷീയമായ നടപടിയുമായിട്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത് . സാധാരണക്കാരന് യാത്ര ചെയ്യാനാവാത്ത ഭീമമായ ചാർജ് നിരക്കായിരിക്കും കെ റെയിൽ വഴി ഈടാക്കുന്നത്. കേരള ജനതയെ വീണ്ടും കടക്കെണിയിൽ ആക്കുന്ന ഒരു പദ്ധതി കൂടിയാണ് ഇത് എന്നും എം.ടി.തോമസ് പറഞ്ഞു. സമിതി സംസ്ഥാന പ്രസിഡന്റ് എം. പി. ബാബുരാജ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. സമര പ്രവർത്തന പദ്ധതി സംസ്ഥാന കൺവീനർ എസ്.രാജീവൻ അവതരിപ്പിച്ചു.