പെരുമ്പാവൂർ: ഒക്കൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്‌കൂളിൽ മണ്ണറിയാം വിത്തെറിയാം പദ്ധതിയുടെ ഭാഗമായി വിവിധ പച്ചക്കറി വിത്തുകൾ നട്ടു വിദ്യാർത്ഥികൾ തയ്യാറാക്കിയ പച്ചക്കറിത്തോട്ടം ശ്രദ്ധേയമായി. സ്‌കൂൾ വളപ്പിൽ ഗ്രോബാഗുകളിലാണ് ഇവ പരിപാലിച്ചു വരുന്നത്. 2018 ൽ ജില്ലയിലെ മികച്ച ജൈവ പച്ചക്കറി തോട്ടത്തിനുളള കൃഷി വകുപ്പിന്റെ അവാർഡും, തുടർച്ചയായി മൂന്നു വർഷം വിവിധ പുരസ്‌കാരങ്ങളും ഈ വിദ്യാലയം കാർഷിക രംഗത്ത് കരസ്ഥമാക്കി. മണ്ണിനേയും, സസ്യങ്ങളേയും വിദ്യാർത്ഥികൾക്ക് പരിചിതമാക്കുക എന്നതാണ് സ്‌കൂൾ അധികൃതർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പുതിയതായി ഒരുക്കിയ പച്ചക്കറി തോട്ടം പി.ടി.എ. പ്രസിഡന്റ് പി.ഐ. നാദിർഷ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എൻ.വി. ബാബുരാജൻ, അദ്ധ്യാപിക സിമി പീതൻ, കോ-ഓഡിനേററർ അനീസ് മാസ്റ്റർ, വിദ്യാർത്ഥികളും പങ്കെടുത്തു.